കുടിയൻമാർക്ക് ഇരുട്ടടി: കേരളത്തിൽ ഇന്ന് മുതൽ മദ്യത്തിനു വി​ല വർധിക്കും

കേരളത്തിൽ ഇന്നുമുതൽ മദ്യത്തിനു വിലവർധിക്കും. രണ്ട് ശതമാനം വിൽപന നികുതിയാണ് വർധിച്ചത്. സാധാരണ ബ്രാന്‍റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്‍റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആയി. മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ട് ശതമാനം വിൽപന നികുതി ഈടാക്കും. മദ്യവില വർധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെയാണ് ഒപ്പുവെച്ചത്.

ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ജനുവരി ഒന്ന് മുതൽ ഒൻപത് ബ്രാൻഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും സാധാരണ ബ്രാന്‍റുകള്‍ക്ക് മാത്രമാണ് വില വര്‍ധന ബാധകമാവുക. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്ന് മുതൽ തന്നെ പുതിയ വിലക്ക് വിൽപന നടത്തുകയാണ്.

നേരത്തെ മദ്യവില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തീരുമാനം അശാസ്ത്രീയമാണെന്നും വന്‍കിട മദ്യ കമ്പനികള്‍ക്ക് വേണ്ടി സി.പി.എം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. മദ്യവില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്. മദ്യവില അമിതമായി വര്‍ധിപ്പിക്കുന്നത് മാരക ലഹരി വസ്തുക്കളിലേക്ക് വഴിതിരിച്ച് വിടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ കാണാതിരിക്കരുതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story