മണ്ഡലപൂജ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി; വ്രതശുദ്ധിയുടെ 41 നാളുകള്‍ക്ക് സമാപനം

ശബരിമല: വ്രതശുദ്ധിയുടെ 41 പകലിരവുകള്‍ക്ക് സമാപനം. സന്നിധാനത്തു നടന്ന മണ്ഡലപൂജ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി. തങ്കഅങ്കി പ്രഭയില്‍ വിളങ്ങിയ ഭഗവാന്റെ തേജോമയരൂപം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയായി. ഇന്നലെ ഉച്ചയ്ക്ക് 12.30നും ഒന്നിനും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. പാണികൊട്ടി സ്‌നാനഘട്ടത്തില്‍ കലശാഭിഷേകവും കളഭാഭിഷേകവും നടന്നു. തുടര്‍ന്ന് പ്രസന്ന പൂജ, ദീപാരാധന എന്നിവയോടു കൂടി മണ്ഡലപൂജ പൂര്‍ത്തിയാക്കി.

രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ ശരണ മന്ത്രധ്വനികളുടെ ഒരു മണ്ഡലകാലത്തിന് ശുഭപര്യവസാനം. മകരവിളക്ക് മഹോത്സവത്തിനായി 30 ന് വെകിട്ട് അഞ്ചിന് നടതുറക്കും. 14 നാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിനു ശേഷം 20ന് ശബരിമല നട അടയ്ക്കും. 20ന് രാത്രി വരെയായിരിക്കും തീര്‍ഥാടകര്‍ക്ക് ദര്‍ശനം. മകരവിളക്ക് ദിവസം മുതല്‍ 17 വരെ എല്ലാദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാം പടിയിലേക്ക് ധര്‍മ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും. 18 ന് ശരംകുത്തിയിലേക്കാണ് എഴുന്നള്ളത്ത്,

19ന് രാത്രി മാളികപ്പുറത്ത് ഗുരുതി. 20ന് രാവിലെ 6.30ന് രാജ പ്രതിനിധിയുടെ ദര്‍ശനം കഴിഞ്ഞ് തിരുനട അടയ്ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ: അനന്തഗോപന്‍, അംഗം അഡ്വ: എസ്.എസ്. ജീവന്‍, സ്‌പെഷല്‍ കമ്മിഷണര്‍ മനോജ്, എ.ഡി.ജി.പിയും ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായ എം.ആര്‍.അജിത്കുമാര്‍ എന്നിവര്‍ മണ്ഡലപൂജ ദര്‍ശിക്കാന്‍ എത്തിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story