ബന്ധുവായ യുവതിയുമായി അടുപ്പമുള്ളയാളോട് പക; യുവാവ് കത്തിച്ചത് 20 കാറുകള്‍

ബന്ധുവായ യുവതിയുമായി അടുപ്പമുള്ളയാളോട് പക; യുവാവ് കത്തിച്ചത് 20 കാറുകള്‍

December 27, 2022 0 By Editor

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 23-കാരന്‍ നടത്തിയ പകവീട്ടലില്‍ കത്തിയമര്‍ന്നത് ഇരുപതോളം കാറുകള്‍. ഡല്‍ഹി സുഭാഷ് നഗറിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ളതാണ് ഈ പാര്‍ക്കിങ് ഏരിയ. തന്റെ ബന്ധുവായ യുവതിയുമായി പ്രണയബന്ധത്തിലായിരുന്ന വ്യക്തിയോടുള്ള വൈരാഗ്യത്തില്‍ യുവാവ് അയാളുടെ കാര്‍ കത്തിച്ചതാണ് സമീപത്ത് പാര്‍ക്ക് ചെയ്ത മറ്റു കാറുകളും നശിക്കാനിടയാക്കിയത്. സംഭവത്തില്‍ പ്രതിയായ യഷ് അറോറയെ പോലീസ് അറസ്റ്റ് ചെയ്തു.

പാര്‍ക്കിങ് ഏരിയയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിര്‍ത്തിയിട്ടിരുന്ന ഒരു എര്‍ട്ടിഗ കാറിന്റെ ടയര്‍ ഒരാള്‍ കത്തിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീ പടര്‍ന്നു. പാര്‍ക്കിങ് ഏരിയയ്ക്ക് പുറത്തുള്ള ക്യാമറകളില്‍ നിന്ന് കൂടി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതി യഷ് അറോറയെ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ എര്‍ട്ടിഗയുടെ ഉടമ ഇഷാനോടുള്ള പക വീട്ടാനാണ് കാര്‍ കത്തിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ ബന്ധുവുമായി ഇഷാനുള്ള ബന്ധത്തില്‍ താത്പര്യമില്ലാതിരുന്നതിലാണ് ഇങ്ങനെ ചെയ്തതെന്നും യഷ് കൂട്ടിച്ചേര്‍ത്തു.

നേരം പുലര്‍ന്നതിന് ശേഷമാണ് കാറുകളുടെ ഉടമകളില്‍ പലരും വിവരമറിയുന്നത്. കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകാനെത്തിയപ്പോഴാണ് തന്റെ കാര്‍ അഗ്നിക്കിരയായ വിവരം അറിഞ്ഞതെന്ന് മോഹിത് പാലിയ പ്രതികരിച്ചു. തങ്ങളുടെ കാറുകള്‍ സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് ഈ പാര്‍ക്കിങ് ഏരിയില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതെന്നും പാലിയ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പാണ് കാര്‍ വാങ്ങിയതെന്നും രാവിലെ വാഹനമെടുക്കാന്‍ വന്നപ്പോള്‍ വിവരമറിഞ്ഞ് ഞെട്ടിയെന്നും കത്തിനശിച്ച മറ്റൊരു കാറിന്റെ ഉടമ പറഞ്ഞു

പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തത്തിന്റെ വിവരമറിയിച്ചുള്ള ഫോണ്‍കോള്‍ പോലീസിന് ലഭിച്ചത്. പോലീസിനൊപ്പം അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. തീ നിയന്ത്രണവിധേയമായതിന് ശേഷമാണ് 20-ഓളം കാറുകള്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. ചില കാറുകളുടെ ചട്ടക്കൂടുകള്‍ മാത്രമാണ് അവശേഷിച്ചത്.