ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി: ക്രിസ് ഹിപ്കിന്‍സ് ജസീന്ത ആര്‍ഡേണിന്റെ പിന്‍ഗാമിയാകും
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസീന്ത അര്‍ഡേണ്‍ രാജിപ്രഖ്യാപിച്ചതിനു പിന്നാലെ ലേബര്‍ പാര്‍ട്ടി പിന്‍ഗാമിയേയും നിശ്ചയിച്ചു. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോക്കസിന് ശേഷമുണ്ടാകും. ജസീന്ത മന്ത്രിസഭയില്‍ മുന്‍പ് കോവിഡ് 19 റെസ്‌പോണ്‍സ് മ്രന്തിയായിരുന്നു ക്രിസ് ഹിപ്കിന്‍സ്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് വന്ന ഏക നാമനിര്‍ദേശവും ക്രിസിന്റേതാണ്. ഞായറാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ 44 കാരനായ ക്രിസിനെ 41ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും.
കോവിഡിനെ പിടിച്ചുകെട്ടാന്‍ ജസീന്തയ്‌ക്കൊപ്പം നിന്ന ക്രിസിനെ തന്നെ പാര്‍ട്ടി പ്രധാനമന്ത്രി പദവി വിശ്വസിച്ച് ഏല്പിക്കുന്നത് അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ഒക്‌ടോബര്‍ 14നാണ് തിരഞ്ഞെടുപ്പ്. നിലവില്‍ പോലീസ്, വിദ്യാഭ്യാസ, പൊതുസേവന മന്ത്രിയാണ് ക്രിസ്. എന്നാല്‍ എം.പിയായി എട്ടു മാസം മാത്രമാണ് ക്രിസിനുള്ളത്.
കോവിഡും പ്രകൃതി ക്ഷോഭങ്ങളും നേരിടുന്നതില്‍ ക്രിസിന്റെ വൈഭവം രാജ്യം നേരിട്ട് അറിഞ്ഞ നാളുകളാണ് കടന്നുപോയത്. 2008ല്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായ ക്രിസ് 2020ലാണ് മന്ത്രിസഭയില്‍ എത്തിയത്. ജസീന്തയ്ക്ക് പകരം ആരെന്ന ചോദ്യത്തിന് പാര്‍ട്ടിക്കു മുന്നില്‍ മറ്റ് പേരില്ലായിരുന്നുവെന്നതാണ് യഥാര്‍ത്ഥ്യം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ലേബര്‍ പാര്‍ട്ടി കോക്കസ് യോഗത്തിലാണ് ജസീന്ത രാജിപ്രഖ്യാപിച്ചത്. തന്റെ കഴിവിന്റെ പരമാവധി ചെയ്തുകഴിഞ്ഞുവെന്നും ഇനി പിന്മാറുന്നുവെന്നുമാണ് ജസീന്തയുടെ നിലപാട്.