നടിയെ ആക്രമിച്ച കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും: മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെ വിസ്തരിക്കും
കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. നടി മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി.
തുടരന്വേഷണത്തിലെ സാക്ഷി വിസ്താരത്തിന്റെ ആദ്യ ഘട്ടത്തില്‍ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരമാണ് പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിലെ 12 സാക്ഷികളെ വിസ്തരിച്ചിട്ടില്ല. ഇന്നുമുതൽ 20 പേരെ കൂടി വിസ്തരിക്കാനാള്ള പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്. മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നത് ദിലീപ് എതിർത്തിരുന്നെങ്കിലും ഹർജി പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു സുപ്രീംകോടതി.
തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണം നേരിടുന്ന ദിലീപിന്റെ മൂന്ന് അഭിഭാഷകരെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. അന്വഷണ സംഘം ഇവരെ പ്രതി ചേർക്കാൻ ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ അനുമതി നൽകിയില്ല. കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്.
തുടരന്വേഷണം ഉള്‍പ്പടേയുള്ള വഴിത്തിരുവുകള്‍ക്ക് കാരണമായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വിസ്താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബാലചന്ദ്രകുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസാതരവും ഉടൻ പൂർത്തിയാകും.