
ആസിഫയുടെ കൊലപാതകം: രാജ്യമാകെ പ്രതിഷേധം ശക്തം, മൗനം വെടിയാതെ പ്രധാനമന്ത്രി
April 13, 2018ഡല്‍ഹി: ജമ്മുകാശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാംത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധത്തില്‍ മുഴുകുമ്പോഴും പ്രധാനമന്ത്രി നരോന്ദ്ര മോദി ഈ വിഷയത്തില്‍ മൗനം തുടരുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഒന്നടക്കം രോക്ഷമുണ്ടാക്കിയ സംഭവത്തില്‍ വിദേശകാര്യ സഹമന്ത്രി വി.കെ.സിംങ് മാത്രമാണ് പ്രതികരിച്ചത്. മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടെന്നും പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍
സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടാകുന്നത്.
മനുഷ്യത്വം മരവിച്ച കുറ്റകൃത്യമാണ് അരങ്ങേറിയത്. ഇത്തരം ചെകുത്താന്‍മാരെ എങ്ങനെ സംരക്ഷിക്കാനാകുമെന്നും സംഭവത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും നിഷ്‌കളങ്കയായ എട്ട് വയസ്സുകാരിയുടെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം പ്രധാനമന്ത്രി ഉപവസിച്ച് സമയം കളയാതെ രാജ്യത്ത് കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുമ്പോള്‍ മൗനം വെടിയണമെന്ന് മുതിര്‍ന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ ശിബല്‍ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലുമായിരുന്നു.
അതേസമയം ദിവസങ്ങളോളം ആ കുഞ്ഞ് നേരിടേണ്ടിവന്ന വേദനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കുറ്റപത്രത്തിലുള്ളത്. തന്റെ അവസാന നിമിഷങ്ങളില്‍ അവള്‍ അനുഭവിക്കേണ്ടിവന്ന വേദനയ്ക്ക് മുന്നില്‍ ഒരു കണ്ണീരുകൊണ്ടും പകരം വീട്ടാനാകില്ലെന്നത് കുറ്റപത്രത്തിലെ വിവരങ്ങളില്‍ നിന്നും വ്യക്തം. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിരയാക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.