കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസിൽ നിർണായക വഴിത്തിരിവ് ; 4 മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ല !

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസിൽ നിർണായക വഴിത്തിരിവ് ; 4 മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ല !

February 5, 2023 0 By Editor

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ട അന്നമ്മ തോമസ്,ടോം തോമസ് ,മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഈ നാലുമൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തില്‍ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. റോയ് തോമസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതിലാണ് സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്.

ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ്.മാത്യുവും ജയിലിലാണ്. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചു മരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണ് കുറ്റപത്രം. സിലിയുടെ ആന്തരികാവയവങ്ങളില്‍ നടത്തിയ പരിശോധനയില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ്. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയി തോമസിന്റെ ശരീരത്തില്‍ നിന്നായിരുന്നു. അവശേഷിക്കുന്ന നാലു പേരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നത്.