“മൃതദേഹങ്ങളിൽ വിഷാംശം കാണാത്തത് കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചത്; ഫൊറൻസിക് ഫലം കൂടത്തായി കേസിനെ ബാധിക്കില്ല”

“മൃതദേഹങ്ങളിൽ വിഷാംശം കാണാത്തത് കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചത്; ഫൊറൻസിക് ഫലം കൂടത്തായി കേസിനെ ബാധിക്കില്ല”

February 5, 2023 0 By Editor

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമൺ. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം. സംസ്ഥാനത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളിൽനിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമൺ ചൂണ്ടിക്കാട്ടി. ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സൈമൺ പറഞ്ഞു.

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭർത്താവിന്റെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാംപിളുകളിലാണ് സയനൈഡിന്റെ അംശമില്ലെന്ന് വ്യക്തമായത്. ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു.

കൂടത്തായിയിൽ കൊല്ലപ്പെട്ട ആറു പേരിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മൃതദേഹ സാംപിളിൽ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഇതോടെയാണ് ബാക്കി നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചത്. കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട ആറു പേരിൽ അന്നമ്മ തോമസിനെ ഡോഗ്കിൽ എന്ന വിഷം നൽകിയും മറ്റുള്ളവരെ സയനൈഡ് നൽകിയും ജോളി കൊലപ്പെടുത്തി എന്നാണു കുറ്റപത്രം. സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു പരാതിയുമാണ്, സ്വാഭാവിക മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.