പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പ് പറയണമെങ്കിൽ ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ; എത്ര കേസെടുത്താലും മരണം വരെ പോരാടും ;  സ്വപ്‌നാ സുരേഷ്

പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പ് പറയണമെങ്കിൽ ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ; എത്ര കേസെടുത്താലും മരണം വരെ പോരാടും ; സ്വപ്‌നാ സുരേഷ്

March 16, 2023 0 By Editor

ബംഗ്‌ളുരു: സിപിഎം എംവി ഗോവിന്ദന്റെ മാനനഷ്ട കേസിന് മറുപടിയുമായി സ്വപ്‌നാ സുരേഷ്. ഒരു കോടി രൂപ അല്ലെങ്കിൽ മാപ്പ് എന്നാണ് പറയുന്നത്. ഞാൻ ഒരിക്കൽ കൂടി ജനിക്കണം മിസ്റ്റർ ഗോവിന്ദൻ മാപ്പു പറയാൻ. നോട്ടീസ് കിട്ടിയാൽ എന്റെ അഡ്വക്കേറ്റ് മറുപടി നൽകും. മുഖ്യമന്ത്രി എന്റെ അച്ഛനോ അമ്മാവനോ അല്ല. വെറും ക്രൈംപാർട്ണർ മാത്രമാണ്. കേരളത്തിൽ ഉടനീളം എനിക്കെതിരെ കേസെടുക്കുന്നു. മരണം വരെ പോരാടും. കേരളം മുഴുവൻ കേസെടുത്താലും ഇതിന്റെ അവസാനം കിട്ടാതെ നിർത്തില്ല-സ്വപ്‌ന ബംഗ്ലൂരുവിൽ പറഞ്ഞു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബംഗ്ലൂരു പൊലീസിന് ഇന്നും സ്വപ്ന മൊഴി നൽകി. അതിന് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അഡ്വക്കേറ്റ് വിജേഷ് പിള്‌ളയെ വിജയ് പിള്ള എന്ന് പറഞ്ഞതിലും സ്വപ്‌ന വിശദീകരണം നൽകി. വന്നയാളുടെ ഫോൺ നമ്പർ ട്രൂകോളറിലുള്ളത് അഡ്വ വിജയ് ആക്ഷൻ ഒടിടി എന്നാണ്. അതുകൊണ്ട് തന്നെ തനിക്ക് വിജേഷ് വിജയ് പിള്ളയുമാണ്. വിജേഷ് അല്ലെങ്കിൽ വിജയ് പിള്ളയെന്ന് പറയുന്നതിൽ തെറ്റില്ല. ചാനൽ ചർച്ചകളിൽ വന്നിരുന്ന് തന്നെ അപമാനിക്കുന്നവർക്കെതിരെ കേസ് കൊടുക്കുമെന്നും സ്വപ്‌ന പറഞ്ഞു. അഡ്വ ഹക്‌സർ എന്ന ആളിനെതിരെ കേസ് കൊടുക്കുമെന്നും സ്വപ്‌ന ബംഗ്ലൂരുവിൽ പറഞ്ഞു. ചാനൽ ചർച്ചകളിൽ അപമാനിക്കുന്നവർക്കെതിരെ എല്ലാം നിയമ നടപടി എടുക്കുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു കേസിൽ എന്നെ അകത്താക്കുമെന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ഷാജ് കിരൺ ഒത്തുതീർപ്പിന് വന്നപ്പോൾ അന്നും പിസി ജോർജിനേയും എന്നേയും ചേർത്ത് കേസെടുത്തു. ഇപ്പോൾ വീണ്ടും കേസെടുത്തു. ഇതിന് കാരണം അവർക്ക് എന്തെല്ലാമോ ഒളിക്കാനുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസെടുത്താലും മരണം വരെ പോരടിക്കും. വിജേഷ് പിള്ളയ്‌ക്കൊപ്പം ബംഗ്ലൂരിൽ എത്തിയ ആളിനെ വെളിപ്പെടുത്തില്ല. അത് ബംഗ്ലൂരു പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. അക്കാര്യം പറയേണ്ടത് അവരാണെന്നും സ്വപ്‌ന വിശദീകരിച്ചു.