
ഞായറാഴ്ച മദ്യപിച്ച് ഉറങ്ങിയ വരൻ ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ട വിവാഹം മുടങ്ങി
March 17, 2023മദ്യലഹരിയിൽ മയങ്ങിപ്പോയ വരൻ വിവാഹ ചടങ്ങു മറന്നു. വരനെ കാത്തുനിന്നു മടുത്ത വധുവും കുടുംബവും ചടങ്ങുപേക്ഷിച്ചു മടങ്ങി. മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഭാഗൽപുർ സുൽത്താൻ ഗഞ്ചിലാണു സംഭവം. ഞായറാഴ്ച രാത്രി വൈകി മദ്യപിച്ചു ലക്കുകെട്ടുറങ്ങിയ വരൻ ഉണർന്നതു ചൊവ്വാഴ്ച. തിങ്കളാഴ്ചയായിരുന്നു വിവാഹ ചടങ്ങു നിശ്ചയിച്ചിരുന്നത്.
വരനും വീട്ടുകാരും ചൊവ്വാഴ്ച വധുവിന്റെ വീട്ടിലെത്തിയതോടെ പുകിലായി. ഉത്തരവാദിത്തമില്ലാത്ത വരനെ തനിക്കു വേണ്ടെന്നു വധു തീർത്തു പറഞ്ഞു. വിവാഹ ചടങ്ങിനു ചെലവായ പണം തിരിച്ചു കിട്ടണമെന്നു വധുവിന്റെ വീട്ടുകാരും വാശിപിടിച്ചു.
തർക്കങ്ങൾക്കിടെ വരന്റെ ബന്ധുക്കളിൽ ചിലരെ വധുവിന്റെ വീട്ടുകാർ പിടിച്ചു കെട്ടിയിട്ടതോടെ പൊരിഞ്ഞ അടിപിടിയായി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.