റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

June 24, 2018 0 By Editor

മലപ്പുറം: പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ നാളെ മുതല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതിയും പഞ്ചായത്തുകളുടെ വിവരങ്ങളും. ജൂണ്‍ 25, 26 നന്നംമുക്ക്, 27, 28 ആലംങ്കോട്, 29,30 പെരുമ്പടപ്പ്, ജൂലൈ രണ്ട്, മൂന്ന് വെളിയംങ്കോട്, നാല്, അഞ്ച് മാറഞ്ചേരി, ആറ്, ഏഴ് എടപ്പാള്‍, ഒമ്പത്, പത്ത് വട്ടംകുളം, 11, 12 കാലടി, 13, 16 തവനൂര്‍, 17, 18, 19, 20, 21 പൊന്നാനി നഗരസഭ എന്നീ തിയതികളില്‍ നടക്കും.

പെരിന്തല്‍മണ്ണ താലൂക്ക്: പെരിന്തല്‍മണ്ണ താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള പഞ്ചായത്തുകളില്‍ അപേക്ഷ സ്വീകരിക്കുന്ന തിയതിയും സ്ഥലവും. ജൂണ്‍ 25, 26 പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി (താലൂക്ക് സപ്ലൈ ഓഫീസ് പെരിന്തല്‍മണ്ണ) ജൂണ്‍ 27 പുലാമന്തോള്‍ പഞ്ചായത്ത് (കൈരളി ഓഡിറ്റോറിയം പുലാമന്തോള്‍), 28ന് മങ്കട (മങ്കട ഗ്രാമ പഞ്ചായത്ത് ഹാള്‍), 29ന് വെട്ടത്തൂര്‍ (വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാള്‍), 30ന് അങ്ങാടിപ്പുറം (അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഹാള്‍), ജൂലൈ രണ്ടിന് മൂര്‍ക്കനാട് (കമ്മ്യൂണിറ്റി ഹാള്‍, വെങ്ങാട്).

തിരൂര്‍ താലൂക്ക്: തിരൂര്‍ നഗരസഭയിലുള്ള അപേക്ഷകള്‍ ജൂണ്‍ 25,26,27 തീയതികളില്‍ തിരൂര്‍ മുന്‍സിപ്പല്‍ സാംസ്‌കാരിക സമുച്ചയത്തില്‍ സ്വീകരിക്കും. മറ്റു പഞ്ചായത്തുകളുടെ തിയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.മറ്റു പഞ്ചായത്തുകളുടെ തിയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

നിശ്ചിത തീയതികളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ മുതല്‍ വീണ്ടും അവസരം ലഭിക്കും. ഓരോ തീയതിയിലും അനുവദിച്ചിട്ടുളള പഞ്ചായത്തുകളില്‍ നിന്നുളള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയൂളളൂ. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ അപേക്ഷകള്‍ സ്വീകരിക്കും.

ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം അപേക്ഷാഫോറങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫോറങ്ങളുടെ മാതൃകകള്‍ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മുന്‍സിപ്പല്‍ ഓഫീസ്, റേഷന്‍ ഡിപ്പോകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. slupplieskerala.gov.in നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ നല്‍കണം. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷാഫോറം, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പേര് കുറവു ചെയ്യുന്ന കാര്‍ഡ്, ആയതിന്റെപകര്‍പ്പ്, പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനാവശ്യമായ രേഖകള്‍, എല്ലാ അംഗങ്ങളുടെയും ആധാറിന്റെ പകര്‍പ്പ്, കൂടാതെ വാടകയ്ക്ക് താമസിക്കുന്നവര്‍, കെട്ടിട ഉടമസ്ഥന്റെ സമ്മതപത്രം, വാടക എഗ്രിമെന്റിന്റെ പകര്‍പ്പ്, എന്നിവയും, കൂടാതെ എല്ലാത്തരം അപേക്ഷയോടൊപ്പവും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും മൊബൈല്‍ നമ്പറും നല്‍കണം.