രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്; അരികൊമ്പനെ ശനിയാഴ്ച മയക്കുവെടി വെക്കും

രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്; അരികൊമ്പനെ ശനിയാഴ്ച മയക്കുവെടി വെക്കും

March 22, 2023 0 By Editor

ഇടുക്കി: ഇടുക്കിയിൽ ജനവാസമേഖലയിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ രണ്ടാമത്തെ കുങ്കിയാനയെയും എത്തിച്ചു. സൂര്യനെന്ന് പേരുള്ള ആനയെ വയനാട്ടിൽ നിന്നാണ് എത്തിച്ചത്. ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന് മുന്നോടിയായി ചിന്നക്കനാൽ പഞ്ചായത്തിലെ വാർഡുകളിൽ 25 ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

301 കോളനിയിൽ വെച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാൽ ഇവിടെ നിന്നും ആളുകളെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ശനിയാഴ്ച കോടനാട്ടേക്ക് പോകുന്ന വഴിയിൽ ഗതാഗതം നിയന്ത്രിക്കും. ദൗത്യത്തിനായി 71 പേരടങ്ങുന്ന 11 ടീമുകളെയാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്.  നേരത്തെ വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചിരുന്നു.

ഒറ്റനായെ ആകർഷിക്കാൻ ഒരു ഡമ്മി റേഷൻ കട സജ്ജമാക്കിയിട്ടുണ്ട്.  ഇവിടെ കഞ്ഞി വെച്ച് ആൾതാമസമുണ്ടെന്ന സാഹചര്യം ഒരുക്കും. എന്നാൽ ഉദ്ദേശിച്ച സമയത്ത് കെണിയൊരുക്കിയ സ്ഥലത്ത് അരിക്കൊമ്പൻ എത്തിയാൽ മാത്രമേ ദൗത്യം നടപ്പാക്കാനാകൂവെന്ന് വനംവകുപ്പ് ഉന്നതതലയോഗത്തിൽ വിലയിരുത്തി.