
ബത്തേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട: അരക്കിലോ എംഡിഎംഎ പിടിച്ചു; 3 യുവാക്കള്‍ അറസ്റ്റില്‍
March 22, 2023കൽപ്പറ്റ: വയനാട്ടിലെ ബത്തേരിയിൽ വൻ ലഹരിവേട്ട. അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിലായി. കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിത്‌ലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റ‌് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു ഇവരെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷും സംഘവും ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. ഒരു മില്ലിഗ്രാം എംഡിഎംഎ പിടികൂടിയാൽത്തന്നെ അത് അതീവഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
ആർടിഒ ചെക്ക്പോസ്റ്റിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. വയനാട് എസ്പി ഉച്ചയ്ക്ക് മാധ്യമങ്ങളെക്കാണും. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് വയനാട്ടിൽ നടക്കുന്നത്.