പതിനേഴുകാരന്റെ മരണം: ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു; വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ സുഹൃത്ത് കസ്റ്റഡിയില്‍

പതിനേഴുകാരന്റെ മരണം: ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു; വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ സുഹൃത്ത് കസ്റ്റഡിയില്‍

March 22, 2023 0 By Editor

തിരുവനന്തപുരം: പെരുമാതുറയിൽ 17കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമാതുറ ഫെഡറൽ ബാങ്കിന് സമീപം തെരുവിൽ വീട്ടിൽ സുൽഫിക്കർ – റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) മരിച്ച കേസിൽ കൊട്ടാരംതുരുത്ത് സ്വദേശി ഫൈസൽ എന്നയാളാണ് പിടിയിലായത്. ഇയാളാണ് ഇർഫാനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

ലഹരി ഉപയോഗ​ത്തെ കുറിച്ച് വീട്ടുകാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പലയിടത്തുവച്ചും ലഹരിസംഘത്തോടൊപ്പം പതിനേഴുകാരനെ കണ്ടിട്ടുണ്ടെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് ഇർഫാൻ മരിച്ചത്. സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്നാണ് മകൻ മരിച്ചതെന്ന് മാതാവ് പരാതി നൽകിയിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് പെരുമാതുറ തെരുവില്‍ വീട്ടില്‍ ഇര്‍ഫാന്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് രണ്ടു സുഹൃത്തുക്കള്‍ എത്തുകയും ഇര്‍ഫാനെ വീട്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍തന്നെ റജില സമീപത്തെ ആശുപത്രിയിലേക്ക് ഇര്‍ഫാനെ കൊണ്ടുപോയി. ഏതോ ലഹരി ഉപയോഗിച്ചതായി ഡോക്ടര്‍ റജിലയോട് പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ ഇര്‍ഫാന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചിരുന്നു.

ഇര്‍ഫാന്റെ മരണം മസ്തിഷ്‌ക രക്തസ്രാവം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇര്‍ഫാന്റെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചു. ഈ ഫലം കൂടി വന്ന ശേഷം മരണകാരണം സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകൂ.