കോഴിക്കോട്ട് ട്രെയിനിൽ തീയിട്ട സംഭവം: രണ്ടരവയസ്സുകാരിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ

കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിലാണ് മൂന്നു പേരുടെ…

കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ട്രാക്കിലാണ് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ സഹറ (2), നൗഫീഖ് എന്നിവർ മരിച്ചു. തീപടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. അതേസമയം, മരിച്ച റഹ്മത്തിനൊപ്പം ഉണ്ടായിരുന്ന റാസിഖിനെ ചോദ്യം ചെയ്യുകയാണ്.

തീപിടിത്തമുണ്ടായ ട്രെയിനിൽ നിന്നും അമ്മയേയും കുഞ്ഞിനേയും കാണാതായെന്നു സഹയാത്രികര്‍ അറിയിച്ചിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ ഒരു സ്ത്രീ പരിഭ്രാന്തിയില്‍ ഇറങ്ങിയതായി ഇവർ അറിയിച്ചിരുന്നു. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസും ബന്ധുക്കളും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കാറ്റത്ത് തീ ആളിപ്പടർന്നതോടെ ഈ കോച്ചിലെ യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് ഓടുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടാനായി ട്രെയിനിൽനിന്ന് ചാടിയവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ട്രാക്കിൽ തലയിടിച്ചു വീണ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൂന്നു സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇതിൽ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കതിരൂര്‍ സ്വദേശി അനില്‍ കുമാര്‍, മകന്‍ അദ്വൈത്, ഭാര്യ സജിഷ, തളിപ്പറമ്പ് സ്വദേശി റൂബി, എറണാകുളം സ്വദേശിനി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശന്‍ എന്നിവർക്കാണ് പരുക്കേറ്റത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story