അമിത് ഷായുടെ പരിപാടിക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; 120 പേർ ആശുപത്രിയിൽ

അമിത് ഷായുടെ പരിപാടിക്കെത്തിയ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു; 120 പേർ ആശുപത്രിയിൽ

April 17, 2023 0 By Editor

മുംബൈ;  മഹാരാഷ്ട്ര സര്‍ക്കാര്‍ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചു. 120ഓളം പേർ ആശുപത്രിയിൽ ചികിത്സതേടി.  മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഖാര്‍ഘറിലെ ഒരു തുറന്ന ഗ്രൗണ്ടില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന പരിപാടിക്കിടെയായിരുന്നു ദാരുണ സംഭവം.

തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ​ഗ്രൗണ്ടില്‍ വച്ച് സമ്മേളനം നടന്നത്. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

10 ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവർക്ക് പരിപാടി കാണുന്നതിനും കേൾക്കുന്നതിനുമുള്ള സൗകര്യവും സീറ്റും അധികൃതർ ഒരുക്കിയിരുന്നു. എന്നാൽ കൊടും ചൂടിൽ തണലുപോലുമില്ലാത്ത അവസ്ഥയായിരുന്നു. 300 ഓളം പേര്‍ക്ക് നിര്‍ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്ഷീണം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് വൈദ്യസഹായം നല്‍കിയത്.

സൂര്യാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ സന്ദർശിക്കാൻ മുഖ്യമന്ത്രിഏക്നാഥ് ഷിൻഡെ എത്തിയിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ചടങ്ങിനിടെ രോഗബാധിതരായ മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി.