
ഇമ്രാന്റെ അറസ്റ്റിനെത്തുടർന്ന് കലാപം: സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ
May 9, 2023പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് വൻ കലാപം. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെതന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൂട്ടംകൂടുന്നതിനും മറ്റും ഇസ്‌ലാമാബാദിൽ വിലക്കേർപ്പെടുത്തിയിട്ടും ഇമ്രാന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാന്‍ ഖാനെ അര്‍ധസൈനിക വിഭാഗത്തിന്റെ ഒരു വലിയ സംഘം ഉദ്യോഗസ്ഥര്‍ തടഞ്ഞ് വാഹനത്തിലേക്ക് ബലമായി കയറ്റിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. ഇമ്രാന്‍ ഖാനെ സൈന്യം മോശപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തതായിഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിക്കുകയും ചെയ്തു. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.