വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു; ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സട്ടേക്കും

വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു; ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സട്ടേക്കും

May 10, 2023 Off By admin

| By Sreejith  Evening Kerala News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.ഒ.എ യും, ഐ.എം.എ യും ആഹ്വാനം ചെയ്ത പ്രതിഷേധസമരത്തിന്റെ ഭാഗമായി  സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരമാരംഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ ഒ.പി വിഭാഗം സേവനങ്ങള്‍ തടസ്സട്ടേക്കും . നാളെ രാവിലെ എട്ടു മണിവരെയാണ് സമരം. സർക്കാർ, സ്വകാര്യ,  മേഖലയിലെ മുഴുവൻ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകും. കോർപ്പറേറ്റ്, കോ–ഓപ്പറേറ്റീവ്, ഇഎസ്ഐ മേഖലയിലെ എല്ലാ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഹൗസ് സർജന്മാരും പണിമുടക്കുകയാണ്.

എന്നാല്‍ നിലവില്‍ ഒ.പി ടിക്കറ്റ് നല്‍കിയവരെ മുഴുവന്‍ പരിശോധിക്കും. അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ തടസ്സപ്പെടില്ലെന്നും സംഘടന നേതൃത്വം അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സന്ദീപെന്നയാളെ വൈദ്യപരിശോധനക്കായി എത്തിച്ചപ്പോഴാണ് വനിത ഡോക്ടര്‍ വന്ദനയെ ആക്രമിച്ചത്. മാരകമായി പരിക്കേറ്റ ഡോക്ടര്‍ പിന്നീട് മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

ഡോക്ടർമാർക്കെതിരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ കേരളത്തിന്റെ മനസാക്ഷി ഉണരണമെന്ന് ഐഎംഎ   സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി ആവശ്യപ്പെട്ടു. ഡോക്ടർമാർക്ക് ആത്മവിശ്വാസത്തോടെ രോഗികളെ പരിശോധിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഐഎംഎ സംസ്ഥാന കമ്മിറ്റി ചേരും. ഇതിൽ തുടർ സമരങ്ങളും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.