ആൾകുരങ്ങിന്റെ മുഖമുള്ള ഭീമാകാരനായ മത്സ്യം; ഭീതി വിതച്ച ​അൾജിറിയൻ ഗൊറില്ല; പലരും തേടിയ സത്യം ഇതാണ് !

ആൾകുരങ്ങിന്റെ മുഖമുള്ള ഭീമാകാരനായ മത്സ്യം; ഭീതി വിതച്ച ​അൾജിറിയൻ ഗൊറില്ല; പലരും തേടിയ സത്യം ഇതാണ് !

May 10, 2023 0 By Editor

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അൾജിറിയൻ ഗൊറില്ല മത്സ്യം. ​ആൾക്കുരങ്ങിന്റെ മുഖവും വലിയ ശരീരവുമുള്ള ഭീമാകാരനായ ഒരു മത്സ്യത്തിന്റെ ചിത്രമാണ് ഇന്റർനെറ്റിൽ വൈറലായത്. മത്സ്യബന്ധന ബോട്ടിൽ അൾജിറിയൻ ഗൊറില്ല മത്സ്യത്തെ എടുത്തുയർത്തി കൊണ്ട് നിൽക്കുന്ന ഒരാളുടെ ചിത്രം നിമിഷം നേരംകൊണ്ടുതന്നെ ലോകമൊട്ടാകെ ശ്രദ്ധ പിടിച്ചുപ്പറ്റി. തിമിംഗലങ്ങളെ വേട്ടയാടുന്ന ഒരു അപൂർവ മത്സ്യമാണ് അൾജിറിയൻ ഗൊറില്ല എന്നുള്ള വാദങ്ങളും ഇന്റർനെറ്റിൽ ഉടലെടുത്തു. എന്താണ് സത്യം?.

കരീബിയൻ മേഖലയിൽ ഒന്നായ ട്രിനിഡാഡിൽ നിന്നുമാണ് മത്സ്യത്തെ ലഭിച്ചത് എന്ന അടികുറിപ്പോടെയാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ മൃഗവിദഗ്ധനായ മൈക്ക് ഹോൾസ്റ്റൻ ഷെയർ ചെയ്തത്. യുഎസിലെ മയാമി സൂവോളജിക്കൽ വൈൽഡ്‌ലൈഫ് ഫൗണ്ടേഷന്റെ മൃഗശാലയുടെ പരിപാലന ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയാണ് ഹോൾസ്റ്റൻ. ഒരു തമാശയെന്ന നിലയ്‌ക്കാണ് അദ്ദേഹം ചിത്രം ഷെയർ ചെയ്തതും. എന്നാൽ കമന്റുകളെല്ലാം ഈ മത്സ്യം അൾജിറിയൻ ഗൊറില്ല ആണെന്നായിരുന്നു. പലരും മത്സ്യത്തിന്റെ പ്രത്യേകതകൾ വിവരിച്ച് രം​ഗത്തു വരികയും ചെയ്തു.

അൾജിറിയൻ ഗൊറില്ല മത്സ്യം 34 മുട്ടകൾ കരയിൽ ഇടാറുണ്ടെന്ന് ചിലർ അവകാശപ്പെട്ടു. പ്രജനന കാലത്ത് ഇണകളെ ആകർഷിക്കാൻ ഇവ ചുവന്ന നിറമാകുമെന്നടക്കമുള്ള കഥകളും പ്രചരിച്ചു. എന്നാൽ ചിത്രം കണ്ട പലർക്കും ഇത് വ്യാജമാണോ എന്ന സംശയം ഉടലെടുത്തു. അൾജിറിയൻ ഗൊറില്ല എന്ന് പേരുള്ള ഒരു മത്സ്യത്തിന്റെ ചിത്രം ഇന്റർനെറ്റിൽ തിരഞ്ഞിട്ടും ലഭിക്കാത്തതോടെ അവർ ഇത് വ്യാജമാണെന്ന് ഉറപ്പിച്ചു. നീണ്ട ചർച്ചകൾക്കും വാ​ഗ്വാദങ്ങൾക്കും ഒടുവിൽ അൾജിറിയൻ ഗൊറില്ല ഫിഷ് എന്ന മത്സ്യം ഈ ലോകത്തില്ല എന്നും ഇപ്പോൾ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത് ഒരു വ്യാജ ചിത്രമാണെന്നും തെളിഞ്ഞു.