ഞാൻ രാജിവെച്ചതുപോലെ ഷിൻഡെയും രാജിവെയ്ക്കണമെന്ന് ഉദ്ധവ്; ധാർമികതയെക്കുറിച്ച് ഉദ്ധവ് സംസാരിക്കണ്ടെന്ന് ഫട്‌നവിസ്

ഞാൻ രാജിവെച്ചതുപോലെ ഷിൻഡെയും രാജിവെയ്ക്കണമെന്ന് ഉദ്ധവ്; ധാർമികതയെക്കുറിച്ച് ഉദ്ധവ് സംസാരിക്കണ്ടെന്ന് ഫട്‌നവിസ്

May 11, 2023 0 By Editor

മുംബൈ: താൻ രാജിവെച്ചതുപോലെ മുഖ്യമന്ത്രി പദവിയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെയും രാജിവെയ്ക്കണമെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാർ അധികാരമേറ്റതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.

മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ട് നേരിടാതെ രാജിവെച്ച ഉദ്ധവ് സർക്കാരിനെ പുനസ്ഥാപിക്കാൻ ഒരുക്കമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ജനാധിപത്യത്തെ കൊലചെയ്ത ശേഷമാണ് ഷിൻഡെ സർക്കാർ അധികാരത്തിലെത്തിയതെന്നും താൻ രാജിവെച്ചതുപോലെ ഷിൻഡെയും രാജിവെയ്ക്കുകയാണ് വേണ്ടതെന്നും ഉദ്ധവ് പറയുന്നു.

തന്റെ രാജി നിയമപരമായി ശരിയല്ലായിരിക്കും പക്ഷെ ധാർമികതയുടെ പേരിലാണ് താൻ രാജിവെച്ചതെന്നും ഉദ്ധവ് പറഞ്ഞു. തന്റെ പിതാവ് ബാൽ താക്കറെയുടെ പാരമ്പര്യത്തെയും തന്നെയും ഷിൻഡെ വിഭാഗം എംഎൽഎമാർ വഞ്ചിക്കുകയായിരുന്നുവെന്നും ഉദ്ധവ് ആരോപിച്ചു. അതേസമയം ഉദ്ധവിന് അതേ നാണയത്തിൽ മറുപടി നൽകി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി.

ധാർമികതയെക്കുറിച്ച് ഉദ്ധവ് സംസാരിക്കുന്നത് ഉചിതമാകില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രി പദവിക്കായി എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്നാലെ പോയപ്പോൾ അദ്ദേഹം ധാർമികത മറന്നുപോയിരുന്നോയെന്നും ഫട്‌നാവിസ് ചോദിച്ചു. ഉദ്ധവ് രാജിവെച്ചത് ധാർമികതയുടെ പേരിൽ അല്ലെന്നും കൂടെ നിന്നവർ ഉപേക്ഷിച്ച് പോയപ്പോഴുണ്ടായ ഭയം മൂലമാണ് അദ്ദേഹം രാജിവെച്ചതെന്നും ഫട്‌നാവിസ് പറഞ്ഞു.

എല്ലാ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും പാലിച്ചാണ് സർക്കാർ രൂപീകരിച്ചതെന്ന് ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചു. സർക്കാർ രൂപീകരണത്തെ സംശയത്തോടെ നോക്കിയവർക്കുളള മറുപടിയാണ് കോടതി വിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.