കാടാമ്പുഴ ക്ഷേത്രത്തിന് കീഴിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം  ഇന്ന് നാടിന് സമർപ്പിക്കും

കാടാമ്പുഴ ക്ഷേത്രത്തിന് കീഴിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ഇന്ന് നാടിന് സമർപ്പിക്കും

May 16, 2023 0 By Editor

മലപ്പുറം: കാടാമ്പുഴ ദേവസ്വത്തിന് കീഴിൽ നിർമിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. വൃക്കയുടെ രൂപത്തിൽ പണിത 10,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക.

കേരളത്തിൽ ഇത് ആദ്യമായാണ് ഒരു ക്ഷേത്രത്തിന് കീഴിൽ പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് കേന്ദ്രം യാഥാർഥ്യമാകുന്നത്. 25 ഡയാലിസിസ് യന്ത്രങ്ങൾ ഇവിടെയുണ്ടാകും. പത്തു ഡയാലിസിസ് യന്ത്രങ്ങൾ സജ്ജമായി. പത്ത് കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവായത്.

കഴിഞ്ഞ തൃക്കാർത്തിക ദിവസം ആയിരുന്നു ദേവസ്വത്തിന്റെ കീഴിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. മാനവ സേവ മാധവ സേവ എന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കുക ആണ് ഇതിലൂടെ കാടാമ്പുഴ ദേവസ്വവും മലബാർ ദേവസ്വം ബോർഡും.അടുത്ത ഘട്ടമായി ഈ കേന്ദ്രത്തെ വൃക്കമാറ്റിവെയ്ക്കൽ സൗകര്യങ്ങളോടെയുള്ള ഒരു സ്പെഷ്യാലിറ്റി നെഫ്രോളജി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആക്കി വികസിപ്പിയ്ക്കുന്നതും ദേവസ്വത്തിന്റെ ആലോചനയിലുണ്ട്.