പൊന്നമ്പല മേട്ടിൽ അനധികൃതമായി കടന്നുകയറി പൂജ; കേസെടുത്ത് വനംവകുപ്പ്
തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പല മേട്ടിൽ തമിഴ്നാട് സ്വദേശികൾ അനധികൃതമായി പൂജ നടത്തി. തമിഴ്നാട് സ്വദേശി നാരായണ സ്വാമിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം പൂജ നടത്തിയത്. പൂജ ചെയ്യുന്ന വിഡിയോ സംഘം സമൂഹമാധ്യമത്തിൽ ഇട്ടതിനെ തുടർന്നാണ് അധികൃതർ വിവരം അറിഞ്ഞത്. വനം വകുപ്പ് കേസ് റജിസ്റ്റർ ചെയ്തു. സംഭവം നടന്നതായി ദേവസ്വം ബോർഡും സ്ഥിരീകരിച്ചു.
റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. വനംവകുപ്പിനാണ് സുരക്ഷാ ചുമതല. ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ഓഫിസിലേക്ക് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ആളെ കടത്തി വിടുന്നത്. മൊബൈലോ ക്യാമറകളോ അനുവദിക്കില്ല. പൊന്നമ്പല മേട്ടിൽനിന്നാൽ ശബരിമല ക്ഷേത്രം കാണാനാകും.
ഒരാഴ്ച മുൻപാണ് പൂജ നടന്നതെന്നാണ് ലഭിക്കുന്ന വിവരം. അതീവ സുരക്ഷാ മേഖലയിൽ കടന്നു കയറി മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അവർ വ്യക്തമാക്കി. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനുള്ള നീക്കമാണു നടന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവർക്ക് പരാതി നൽകി. ചില ഉദ്യോഗസ്ഥരുടെ സഹായം സംഘത്തിന് ലഭിച്ചതായാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.