കേരളത്തിൽ ഇന്നും ഉയർന്ന താപനില; ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത
കൊച്ചി: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനൽമഴ ലഭിച്ചതോടെ അന്തരീക്ഷ ഈർപ്പം വല്ലാതെ കൂടിയ സാഹചര്യത്തിൽ കേരളം വെന്തുരുകുകയാണ്. 36 ഡിഗ്രി സെൽഷ്യസിൽ ചൂട് എത്തിനിൽക്കുമ്പോഴും ഈർപ്പത്തിന്റെ ശക്തമായ സാന്നിധ്യമാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. 60 ശതമാനത്തിൽ അധികമുള്ള അന്തരീക്ഷ ഈർപ്പം വല്ലാതെ പുഴുങ്ങുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്.
കേരളത്തിൽ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റോടു മഴക്ക് സാധ്യതയുണ്ട്. ഇടി മിന്നലും ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറഞ്ഞു.
സംസ്ഥാനത്ത് വേനൽമഴ ആശ്വാസമായെങ്കിലും വീണ്ടും ചൂട് കനക്കുകയാണ്. മുൻ വർഷങ്ങളിലേതുപോലെ കനത്ത മഴ ഇക്കുറി ലഭിച്ചില്ല. ഉത്തരകേരളത്തിൽ ചൂടിന് കുറവില്ലാതെ തുടർന്നപ്പോൾ മധ്യകേരളത്തിൽ ആശ്വാസമഴയും തെക്കൻ കേരളത്തിൽ ശരാശരി മഴയുമാണ് ലഭിച്ചത്.
മാർച്ച് ഒന്ന് മുതൽ മേയ് 18 വരെ 20 ശതമാനം കുറഞ്ഞ് 239.5ന് പകരം 190.5 മില്ലിമീറ്റർ വേനൽമഴയാണ് കേരളത്തിന് ലഭിച്ചത്. കോഴിക്കോട് (-76), കാസർകോട് (-68), കണ്ണൂർ (-68) എന്നിങ്ങനെ ഉത്തര ജില്ലകളിൽ വലിയ മഴക്കമ്മിയാണുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ശരാശരി മഴ ലഭിച്ചില്ല. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശരാശരി മഴയാണ് ലഭിച്ചത്.
അതേസമയം, അന്തമാൻ-നികോബാർ ദ്വീപുകളിൽ കഴിഞ്ഞ ദിവസം എത്തിയ കാലവർഷം കഴിഞ്ഞ വർഷത്തിന് സമാനം അവിടെ ചുറ്റിക്കറങ്ങിയാൽ കേരളത്തിൽ എത്തുന്നത് വൈകാനിടയുണ്ട്. അന്തമാനിൽ ചുറ്റിത്തിരിഞ്ഞാൽ ബംഗാൾ ഉൾക്കടലിൽ എത്തുന്നത് വൈകാൻ ഇടയാക്കും.
ഇവിടെ നിന്ന് ശ്രീലങ്കയിൽ എത്തി പിന്നാലെ കേരളത്തിൽ എത്തുന്നതോടെയാണ് മൺസൂണിന് തുടക്കമാവുക. നിലവിൽ ജൂൺ നാലോടെയാണ് കാലവർഷം കേരളം തൊടുകയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
സാധാരണ ചുറ്റിക്കറക്കം ഇല്ലാതെ വന്നാൽ ഇത് നാല് ദിവസം നേരത്തെയും അല്ലാതെ വന്നാൽ നാലുദിവസം വൈകി എത്താനും ഇടയാവും. അഞ്ച് വർഷങ്ങൾക്കിപ്പുറം മഴ കുറക്കുന്ന എൽനിനോ പ്രതിഭാസം ഉണ്ടെന്ന് വകുപ്പ് സ്ഥിരീകരിക്കുമ്പോഴും ശരാശരി മഴയാണ് കേരളത്തിന് ലഭിക്കുക എന്നാണ് നിഗമനം.