പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് നിരന്തരം ശല്യംചെയ്തു; കൂടെ വന്നില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി

പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം; യുവാവ് നിരന്തരം ശല്യംചെയ്തു; കൂടെ വന്നില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി

May 21, 2023 0 By Editor

തിരുവനന്തപുരം: ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂന്തള്ളൂര്‍ പനച്ചിവിളാകത്തുവീട്ടില്‍ രാജീവിന്റെയും ശ്രീവിദ്യയുടെയും മകള്‍ രാഖിശ്രീ (15)യെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഈ സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി. ചിറയിന്‍കീഴ് സ്വദേശിയായ ഒരു യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രണയാഭ്യർഥനയുമായി ഈ യുവാവ് പിന്തുടർന്ന് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ യുവാവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ. പഠനത്തില്‍ മിടുക്കിയായിരുന്ന രാഖിശ്രീ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയാണ് വിജയിച്ചത്. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം പങ്കെടുത്താണ് മടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.

28 വയസ്സുകാരനായ യുവാവ് രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. കൂടെ ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് രാഖിശ്രീയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് രാജീവ് ആരോപിച്ചു. ആറു മാസം മുൻപ് ഒരു ക്യാംപിൽവച്ചാണ് രാഖിശ്രീ ഈ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് രാഖിശ്രീക്ക് മൊബൈൽ ഫോൺ സമ്മാനിച്ചു. തുടർന്ന് ഇയാൾ രാഖിശ്രീയെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറയുന്നു. കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിൽ തടഞ്ഞുനിർത്തിയും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. രാഖിശ്രീയുടെ അച്ഛന്‍ രാജീവ് തിരുവനന്തപുരം ഏഷ്യാനെറ്റ് ഓഫീസിലെ സുരക്ഷാജീവനക്കാരനാണ്.