
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി; അപകടം അടിത്തട്ട് തകർന്ന് വെള്ളം കയറി
May 29, 2023ആലപ്പുഴ: വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കെ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. വേമ്പനാട്ട് കായലിന്റെ ഭാഗമായ ചിത്തിര കായലിലായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരായിരുന്നു ബോട്ടിലുണ്ടായിരുന്ന സഞ്ചാരികള്‍. ഒറ്റമുറിയുള്ള ഹൗസ്‌ബോട്ട് മറിഞ്ഞ ഉടന്‍ യാത്രികരെ സ്പീഡ് ബോട്ടെത്തിച്ച് രക്ഷപ്പെടുത്തി.
മണല്‍ത്തിട്ടയില്‍ ഇടിച്ചാകാം ബോട്ട് മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. കാലപ്പഴക്കം ചെന്ന ഹൗസ്‌ബോട്ടാണിത്. മണല്‍ത്തിട്ടയിലിടിച്ച് പലക ഇളകി ഹൗസ്‌ബോട്ടിലേക്ക് വെള്ളം കയറിയതായാണ് വിവരം. പതുക്കെയാണ് ബോട്ടിലേക്ക് വെള്ളം കയറി മുങ്ങിയത് എന്നതുകൊണ്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റിലാക്‌സിങ് കേരള എന്ന ഹൗസ്‌ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അനസ് എന്നയാള്‍ ലീസിനെടുത്ത് ഓടിക്കുകയായിരുന്നു ഈ ബോട്ട്.