
മൈസൂരുവിൽ സ്വകാര്യ ബസും ടൊയോട്ട ഇന്നോവയും കൂട്ടിയിടിച്ച് 10 മരണം; ഇന്നോവ പൂർണ്ണമായി തകർന്നു
May 29, 2023കർണാടക: മൈസുരുവിൽ വാഹനാപകടത്തിൽ പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‍യുവി കാറും കൂട്ടിയിടിക്കുകയായിരുന്നു. എസ്‍യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു. ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി.ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്.
മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയതാണ് ഇവർ. ടൊയോട്ട ഇന്നോവയിലുണ്ടായിരുന്നത് 13 പേരാണ്. ഇവരിൽ പത്ത് പേരും മരിച്ചു, മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് പുരുഷൻമാർ, മൂന്ന് സ്ത്രീകൾ, മൂന്ന് കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. കുട്ടികളിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമുണ്ട്.