നെല്ല് സംഭരണം: കർഷകർക്ക് ഇന്നുമുതൽ തുക നൽകും
തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ പി.ആർ.എസ് വായ്പയിനത്തിൽ കർഷകർക്ക് 280 കോടി രൂപ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. സംസ്ഥാന സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചൊവ്വാഴ്ച ധാരണപത്രം ഒപ്പിട്ടതോടെയാണിത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തുക കർഷകരുടെ അക്കൗണ്ടിലെത്തും. ഏപ്രിൽ മുതലുള്ള തുകയാണ് കർഷകർക്ക് നൽകാനുള്ളത്.
2022-23 സീസണിൽ 2,24,359 കർഷകരിൽനിന്ന് 6.66 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. ഈയിനത്തിൽ കർഷകർക്ക് 1878 കോടി രൂപ നൽകി. ഇതിൽ സപ്ലൈകോ നേരിട്ട് 1,23,397 കർഷകർക്ക് 738.95 കോടി രൂപ വിതരണം ചെയ്തു. കേരള ബാങ്ക് വഴി 27,800 കർഷകർക്ക് 192 കോടി രൂപയും കനറ ബാങ്ക് വഴി 4000 കർഷകർക്ക് 45 കോടി രൂപയുമാണ് വിതരണം ചെയ്തത്.
അനർഹമായി കൈവശംവെച്ച 1,44,704 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽനിന്ന് 7,86,01,650 രൂപ പിഴ ഈടാക്കുകയും ചെയ്തു. അനർഹമായി കൈവശംവെച്ച കാർഡുകളെകുറിച്ച വിവരം 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും അറിയിക്കാം.