കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികൾ സുരക്ഷിതമല്ല; സുപ്രധാന കണ്ടെത്തലുമായി കാർഷിക സർവകലാശാല

കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികൾ സുരക്ഷിതമല്ല; സുപ്രധാന കണ്ടെത്തലുമായി കാർഷിക സർവകലാശാല

June 14, 2023 0 By Editor

കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും വൻതോതിൽ വിഷാംശമുള്ളതായി കണ്ടെത്തൽ. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാർഷിക സർവകലാശാല തുടർച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തൽ. പച്ചക്കറികളിൽ 35 ശതമാനത്തിലേറെയാണ് വിഷാംശം. പഴവർഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്.

പച്ചച്ചീര, ബജിമുളക്, ക്യാപ്‌സിക്കം, ബ്രോക്കോളി, വഴുതന, സാമ്പാർ മുളക് തുടങ്ങിയ സാമ്പിളുകളിൽ കൂടുതൽ കീടനാശിനിയുള്ളതായി പദ്ധതിയുടെ 57-ാം റിപ്പോർട്ടിൽ പറയുന്നു. പൊതുപിപണിയുമായി താരതമ്യം ചെയ്യുമ്പോൾ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളിൽ വിഷാംശം കുറവാണ്. 27.47 ശതമാനം വിഷാംശമാണ് ഇവയിലുള്ളത്. ഇക്കോ ഷോപ്പുകളിലും ജൈവമെന്ന പേരിൽ വിൽപന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്.

വിപണിയിലെ പഴങ്ങളായ റോബസ്റ്റാ, സപ്പോട്ട, ഉണക്ക മുന്തിരി എന്നിവയിൽ 50 ശതമാനം കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച നുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. ആകെ 868 സാമ്പിളുകളാണ് പഠനത്തിനായി പരിശോധിച്ചത്. ഉലുവ, ഉഴുന്ന്, പയർ, അരി, തുവര, പരിപ്പ്, വെള്ളക്കടല, ചെറുപയർ, വൻപയർ എന്നിവയുടെ സാമ്പിളിൽ വിഷാംശമില്ലെന്നും കണ്ടെത്തി.

അന്യസംസ്ഥാനങ്ങളിൽ നിന്ന് വിഷാംശമുള്ള പച്ചക്കറികൾ എത്തുന്നത് തടയനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നതാണ് വാസ്തവം. ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ സർക്കാർ വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കുടുംബശ്രീ യൂണിറ്റുകൾ വഴിയായിരുന്നു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നത്. വിഷമുക്ത പച്ചക്കറികൾ മിതമായ നിരക്കിൽ പ്രദേശവാസികൾക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’,’ ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതികളിലൂടെയായിരുന്നു വീട്ടുവളപ്പിൽ കൃഷി. ജൂൺ പകുതിയോടെ വിളവെടുപ്പ് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.