അബുദാബിയിൽ ഐഐടി , റഫാൽ, സ്കോർപീൻ അന്തർവാഹിനി, യുപിഐയുടെ ആഗോളീകരണം, പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഇന്ത്യക്ക് നൽകുന്നത് സമാനതകളില്ലാത്ത കുതിപ്പ്

അബുദാബിയിൽ ഐഐടി , റഫാൽ, സ്കോർപീൻ അന്തർവാഹിനി, യുപിഐയുടെ ആഗോളീകരണം, പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഇന്ത്യക്ക് നൽകുന്നത് സമാനതകളില്ലാത്ത കുതിപ്പ്

July 16, 2023 0 By Editor

ന്യൂഡൽഹി: ലോകം ഉറ്റുനോക്കിയ ഫ്രാൻസ്, യുഎഇ സന്ദർശനങ്ങൾ ഫലപ്രദമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്ത് മടങ്ങിയെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾ രാജ്യത്തിന് നൽകുന്നത് സമാനതകളില്ലാത്ത കുതിപ്പും അവസരങ്ങളുമാണെന്നാണ് വിലയിരുത്തൽ.

ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ലീജിയൻ ഓഫ് ഓണർ നൽകിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

ഇന്ത്യയുടെ സ്കോർപീൻ അന്തർവാഹിനി നിർമാണ പദ്ധതിക്ക് ഫ്രാൻസ് നൽകിയ പിന്തുണ സന്ദർശനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നായി. സമയബന്ധിതമായി ഇന്ത്യക്ക് റഫാൽ കൈമാറാൻ സാധിച്ചതിൽ ഇരു നേതാക്കളും സന്തോഷം പങ്കുവെച്ചു. ഇന്ത്യൻ നാവിക സേനക്കായി 26 റഫാൽ മറൈൻ പോർവിമാനങ്ങൾ നൽകാനുള്ള ഫ്രാൻസിന്റെ തീരുമാനവും നേട്ടമാണ്.

ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് സംവിധാനമായ യുപിഐ ആഗോളീകരിക്കാനുള്ള ഫ്രാൻസിന്റെ പിന്തുണയും ശ്രദ്ധേയമായ മറ്റൊരു നേട്ടമാണ്. ഫ്രാൻസിൽ യുപിഐക്ക് ലഭിച്ച അംഗീകാരം രാജ്യത്തിന് അഭിമാനമായി.

ഐഐടി ഡൽഹിയുടെ ഒരു ക്യാമ്പസ് അബുദാബിയിൽ തുടങ്ങാനുള്ള തീരുമാനമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിന്റെ ഏറ്റവും വലിയ നേട്ടം. ഉഭയകക്ഷി ഇടപാടുകൾക്ക് രൂപയും ദിർഹവും ഉപയോഗിക്കാനുള്ള തീരുമാനം സുപ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കും യുഎഇ സെൻട്രൽ ബാങ്കും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും കാർഡ് ഇടപാടുകൾക്ക് പരസ്പരം അംഗീകാരം നൽകിയതും സാമ്പത്തിക രംഗത്ത് ഗുണകരമാണ് എന്ന് വിലയിരുത്തപ്പെടുന്നു .