നൗഷാദിനെ ഭാര്യ കൊന്നിട്ടില്ല!; തൊടുപുഴയിൽ കണ്ടെത്തി, ഡിവൈഎസ്പി ഓഫിസിലെത്തിച്ചു" പോലീസിനെ വട്ടംക്കറക്കി അഫ്സാനയുടെ മൊഴികൾ

തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.

അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാന അവകാശപ്പെട്ടത്. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.

ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.

മൊഴി മാറ്റി പറയുന്നതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന നിഗമനത്തിലാണു പൊലീസ്. അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അതേസമയം അഫ്സാനയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു.

മദ്യപിച്ചു കഴിഞ്ഞാൽ സ്ഥിരമായി അഫ്സാനയെ നൗഷാദ് മർദിക്കുമായിരുന്നു.പലപ്പോഴും മർദനം സഹിക്കാൻ വയ്യാതെ തങ്ങളുടെ വീട്ടിൽ എത്തുമായിരുന്നുവെന്നു പ്രദേശവാസിയായ ഷാനി പറഞ്ഞു. 2 കുട്ടികളുമായി എത്തുന്ന അഫ്സാനയെ ഏറെ നേരം കഴിഞ്ഞു നൗഷാദ് വന്നു വിളിച്ചുകൊണ്ടു പോകുമായിരുന്നു. ആദ്യം പഴക്കച്ചവടമായിരുന്നു തൊഴിൽ. പിന്നീട് ഷാനിയുടെ ഭർത്താവിനൊപ്പം ഐസ് ഫാക്ടറിയിൽ നൗഷാദ് ജോലി ചെയ്തിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story