സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം

സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം

August 5, 2023 0 By Editor

കോട്ടയം: സ്പീക്കറുടെ ‘മിത്ത്’ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എസ്എസ്. തുടര്‍സമരരീതികള്‍ നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.

പ്രതിഷേധത്തില്‍ ഇതരസംഘടനകളുമായി യോജിക്കണോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. എംവി ഗോവിന്ദന്‍ നിലപാടില്‍ മാറ്റം വരുത്തിയെങ്കിലും സ്പീക്കര്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്നതാണ് എന്‍എസ്എസിന്റെ പൊതുവികാരം.

അതസമയം, നാമജപയാത്ര നടത്തിയതിനു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. ഞങ്ങള്‍ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപയാത്രയെത്തുടര്‍ന്ന് തന്നെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം എന്‍ എസ് എസ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് സംഗീത് കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം.

നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ മാര്‍ഗതടസമുണ്ടാക്കിയില്ലെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.