
കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു
August 17, 2023കോഴിക്കോട് : കൊയിലാണ്ടിയിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂർ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കൊയിലാണ്ടി മുത്താമ്പി റോഡിൽ നായാടൻപുഴയ്ക്ക് സമീപത്താണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ദേശീയപാത നിർമാണച്ചുമതലയുള്ള വഗാഡ് കമ്പനിയുടെ ടോറസ് ലോറിയുടെ ചക്രം ഊരിത്തെറിക്കുകയായിരുന്നു.
സമീപത്തുകൂടി നടന്നു പോവുകയായിരുന്ന മരുതൂർ സ്വദേശി കല്യാണിയുടെ ദേഹത്ത് ടയർ പതിക്കുകയും ഇവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കല്യാണിയെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.