കനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

കനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

August 21, 2023 0 By Editor

മംഗളൂരു: ചിക്കമംഗളൂരുവിൽ ഭവനനിർമാണ ബോർഡ് കോളനിയിലെ കനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ശിവമോഗ്ഗ സ്വദേശികളായ ഡി.കെ.ദേവരാജ്(24), എച്ച്. ഭരത്(20), കെ.നാഗരാജ് നായ്ക് (21), വി.ധൻരാജ് നായ്ക് (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷം നടന്ന കവർച്ചയിൽ 14 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ടെല്ലർ മെഷീൻ തകർത്താണ് കവർച്ച നടത്തിയത്. സി.സി.ടി.വി കാമറയിൽ നിന്ന് കാഴ്ചകൾ മറച്ചിരുന്നു.

ചിക്കമഗളൂരു പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കവർച്ച സംഘം മഗളൂരു സൂറത്ത്കലിലെ എ.ടി.എം തകർക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസിന്റെ പിടിയിലായത്.

ഈ മാസം നാലിന് പുലർച്ചെ മൂന്നോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സൂറത്ത്കൽ വിദ്യാദായിനി സ്കൂളിന് എതിർവശത്ത് ജയശ്രീ കമേഴ്സ്യൽ കോംപ്ലക്സിലെ എ.ടി.എമ്മിൽ കവർച്ച ശ്രമം നടന്നിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കാൻ തുനിഞ്ഞതും അലാറം ഉയർന്നതോടെ കവർച്ചക്കാർ രക്ഷപ്പെടുകയായിരുന്നു. പഡുബിദ്രി-കാർക്കള പാതയിൽ നിറുത്തിയിട്ട എക്സവേറ്റർ മോഷ്ടിച്ചാണ് സൂറത്ത്കലിൽ എ.ടി.എം തകർക്കാൻ ശ്രമിച്ചതെന്ന് സംഘം പൊലീസിനോട് പറഞ്ഞു.