ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന് പരാതി; അഭിഭാഷകയ്‌ക്കെതിരേ കേസ്

ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന് പരാതി; അഭിഭാഷകയ്‌ക്കെതിരേ കേസ്

October 7, 2023 0 By Editor

കൊച്ചി: ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചെന്ന പരാതിയിൽ അഭിഭാഷകയ്ക്ക് എതിരേ കേസ്. പാലാരിവട്ടം സ്വദേശി ജൂഡ്സൺ നൽകിയ പരാതിയിൽ അഡ്വ. പാർവതി എസ്. കൃഷ്ണനതിരേയാണ് കേസെടുത്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പാലാരിവട്ടത്തെ പത്തു സെന്റ് ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. തരംമാറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു വിധിന്യായം ലഭിച്ചുവെന്ന് അഭിഭാഷക ജൂഡ്സണെ അറിയിച്ചു. ഈ വിധിന്യായത്തിന്റെ പകർപ്പുമായി ആർഡിഒ ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നാണ് ജൂഡ്സൺ പരാതിയിൽ പറയുന്നത്.

അഭിഭാഷക, വിധിന്യായമായി നൽകിയത് വ്യാജരേഖയാണെന്നാണ് ജൂഡ്സൺ ആരോപിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോർട്ട് കൊച്ചി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.