വാഹനത്തിന്റെ രഹസ്യ അറയില്‍നിന്ന് കഞ്ചാവ് പിടികൂടിയ  കേസില്‍ പ്രതികള്‍ക്ക് പത്തുവര്‍ഷം കഠിനതടവ്

വാഹനത്തിന്റെ രഹസ്യ അറയില്‍നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് പത്തുവര്‍ഷം കഠിനതടവ്

October 11, 2023 0 By Editor

തൃശൂര്‍: വാഹനത്തിന്റെ രഹസ്യ അറയില്‍നിന്ന് 154.3 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

വാഹനം ഓടിച്ച ഷൊര്‍ണൂര്‍ പരുത്തിപ്ര ഇടത്തൊടി അരുണ്‍ (27), പാലക്കാട് പള്ളിപ്പുറം തെക്കേപ്പുരയ്ക്കല്‍ ഷണ്‍മുഖദാസ് (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ അഡീഷണല്‍ ജില്ല ജഡ്ജി ടി.കെ. മിനിമോളാണ് ശിക്ഷ വിധിച്ചത്.

2021 ആഗസ്റ്റ് ഒന്നിന് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്താണ് സംഭവം. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഐഷര്‍ ടെമ്പോ വാഹനത്തിന്റെ പ്ലാറ്റ്ഫോമിനിടയില്‍ ഘടിപ്പിച്ച രഹസ്യ അറയില്‍ നിന്നാണ് 94 പാക്കറ്റുകളിലായി കഞ്ചാവ് പിടികൂടിയത്. വാഹനത്തിന്റെ ടൂള്‍ ബോക്‌സിലുണ്ടായിരുന്ന രണ്ട് പൊതികള്‍ ആദ്യം പിടികൂടി. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനടിയില്‍ പ്രത്യേകം നിര്‍മിച്ച ട്രോളി പോലെ വലിച്ചെടുക്കാവുന്ന അറയില്‍നിന്ന് 92 പൊതി കഞ്ചാവും കണ്ടെടുക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 26 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി. ഇരിങ്ങാലക്കുട മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനയ്ക്കയയ്ക്കുകയുമായിരുന്നു.