കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി നേരത്തെയെത്തി; ഡിഎ വർദ്ധിപ്പിച്ചു, ബോണസ് പ്രഖ്യാപിച്ചു

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി നേരത്തെയെത്തി; ഡിഎ വർദ്ധിപ്പിച്ചു, ബോണസ് പ്രഖ്യാപിച്ചു

October 18, 2023 0 By Editor

ന്യൂ ദില്ലി: ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ച് സർക്കാർ. ഡി.എ നാലു ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 42% ൽ നിന്ന് 46% ആയി ഉയരും. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

2023 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർദ്ധനവ് നടപ്പാക്കുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (എഐസിപിഐ) നിർണ്ണയിച്ചാണ് ഡിഎ വർദ്ധിപ്പിച്ചത്.

ദീപാവലി പ്രമാണിച്ച്‌ ജീവനക്കാര്‍ക്ക് കേന്ദ്രസർക്കാർ ബോണസ് പ്രാഖ്യാപിച്ചു. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബോണസ് ലഭിക്കുക. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. 7000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ദീപാലിയോടനുബന്ധിച്ച്‌ ബോണസ് ആയി ജീവനക്കാര്‍ക്ക് നൽകുന്നത്.

2021 മാര്‍ച്ച്‌ 31 വരെ സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 6 മാസമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തവർക്ക് ബോണസിന് അർഹതയുണ്ടാകും.

പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവൻസാണ് ഡിയർനസ് അലവൻസ് (ഡിഎ). ഡിയർനെസ് റിലീഫ് (ഡിആർ) സമാന സ്വഭാവമുള്ളതും കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് പ്രയോജനപ്പെടുന്നതുമാണ്.

പണപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രതിമാസ ശമ്പളത്തിന്റെയും പെൻഷൻ സമ്പത്തിന്റെയും കുറഞ്ഞുവരുന്ന വാങ്ങൽ ശേഷിയെ ചെറുക്കുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും സർക്കാർ ഡിഎ/ഡിആർ നിരക്ക് പതിവായി പരിഷ്കരിക്കാറുണ്ട്.