ആർ.എസ്​.എസ്​ നേതാക്കളുടെ ആരും ഇതുവരെ പറയാത്ത ‘മഹദ് ത്യാഗ’ങ്ങളുടെ കഥ; ‘വൺ നേഷൻ’ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്തിറക്കി

ആർ.എസ്​.എസ്​ നേതാക്കളുടെ ആരും ഇതുവരെ പറയാത്ത ‘മഹദ് ത്യാഗ’ങ്ങളുടെ കഥ; ‘വൺ നേഷൻ’ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്തിറക്കി

October 25, 2023 0 By Editor

രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ ആർ.എസ്​.എസിന്‍റെ ചരിത്രം പറയുന്ന വെബ്​ സീരീസിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പു​റത്ത്​. വണ്‍ നേഷന്‍ അഥവാ ഏക രാഷ്‌ട്ര എന്ന് പേരിട്ട സീരീസിന്‍റെ പോസ്റ്റര്‍ വിജയദശമി നാളിലാണ്​ പുറത്തിറക്കിയത്​. ദേശീയ അവാർഡ്​ ജേതാക്കളായ ആറ്​ സംവിധായകരാണ്​ വെബ്​ സീരീസ്​ ഒരുക്കുന്നത്​.

ആർ.എസ്​.എസിന്‍റെ സ്ഥാപകദിനവുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുങ്ങുക എന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശിന്റെ ട്വീറ്റിൽ പറയുന്നു. 2025ലാണ് ആര്‍എസ്എസിന്​ 100 വയസ്സ് തികയുന്നത്. പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നിഹോത്രി, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിങ്​ ചൗഹാൻ എന്നിവരാണ് ഈ പ്രൊജക്ടിലെ സംവിധായകർ.

ഭാരതത്തെ ഒരൊറ്റ രാഷ്‌ട്രമാക്കി നിലനിര്‍ത്താന്‍ രാഷ്‌ട്രീയ സ്വയം സേവക സംഘം നേതാക്കൾ നടത്തിയ ആരും ഇതുവരെ പറയാത്ത ‘മഹദ് ത്യാഗ’ങ്ങളുടെ കഥയാണ്​ സീരീസാവുക എന്നാണ്​ സംഘപരിവാർ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്​. ആർ.എസ്​.എസ്​ യൂനിഫോമായ നിക്കറും ഉടുപ്പും ഇട്ട്​ മുഖം തിരഞ്ഞു നിൽക്കുന്ന ഒരാളുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്​റ്ററിലുള്ളത്​.

ഇക്കൊല്ലം ജനുവരിയിൽ വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് ഇങ്ങനെയൊരു ചിത്രം വരുന്ന വിവരം ട്വിറ്ററിലൂടെ ആദ്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ മോഹൻലാൽ, കങ്കണ രണാവത്​ എന്നിവർ സീരീസിന്‍റെ ഭാഗമാകും എന്നും പ്രചരിപ്പിച്ചിരുന്നു. വിഷ്ണുവര്‍ധന്‍ ഇന്ദുരി, ഹിതേഷ് തക്കാര്‍ എന്നിവരാണ് സീരീസിന്‍റെ നിര്‍മ്മാതാക്കള്‍.