മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഓണ്‍ലൈനായി ഹമാസ് നേതാവ് ; സേവ് പലസ്തീന്‍’ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ ഭീകരസംഘടനയെ മഹത്വവത്കരിക്കുന്നു ; പിണറായി വിജയന്റെ കേരളാ പോലീസ് എവിടെയാണെന്ന് ബിജെപി
മലപ്പുറത്ത് വെള്ളിയാഴ്ച സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തത് വിവാദത്തിൽ. ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്. സയണിസ്റ്റ്-ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ സംഘടാകരാണ് പുറത്തുവിട്ടത്.
‘അൽ അഖ്സ നമ്മുടെ അഭിമാനമാണ് , നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ) ആകാശ ലോകത്തേക്ക് മിഅ്റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാർ കഴിഞ്ഞ ഒക്ടോബർ 7 മുതൽ അഖ്സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേൽ നമ്മുടെ ഗസ്സയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീർക്കുകയാണ്. വീടുകൾ തകർത്തു കൊണ്ടിരിക്കുന്നു’- ഖലീദ് മാഷൽ അറബിയിൽ നടത്തിയ പ്രസംഗത്തിന്‍റെ സംഘാടകർ പുറത്തുവിട്ട മലയാളം പരിഭാഷയിൽ പറയുന്നു
‘സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്. അഥവാ നമ്മുടെ എതിരാളികൾ നമുക്കെതിരെ ഒരുമിക്കുന്നത് നാം കാണുമ്പോൾ അതുപോലെ നമ്മളും ഒന്നിക്കണം. അവർക്കെതിരെയുള്ള പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടാവും. ഇസ്ലാമിക സമൂഹത്തിനുമേൽ ഞങ്ങളുടെ ഉറപ്പ് ശക്തമാണ്, നമ്മൾ വിജയിക്കുക തന്നെ ചെയ്യും.’- എന്നു പറഞ്ഞുകൊണ്ടാണ് ഖലീദ് മാഷൽ പ്രസംഗം അവസാനിപ്പിക്കുന്നത്.
അതേസമയം ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
”മലപ്പുറത്ത് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഖലീദ് മാഷല്‍ ഓണ്‍ലൈനായി പങ്കെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പിണറായി വിജയന്റെ കേരളാ പോലീസ് എവിടെയാണ്? ‘സേവ് പലസ്തീന്‍’ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ അവര്‍ ഹമാസ് എന്ന ഭീകരസംഘടനയെയും അതിന്റെ നേതാക്കളെയും ‘പോരാളികളായി’ മഹത്വവത്കരിക്കുകയാണ്. അത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്,”, കെ. സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചു.
മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ റാലിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും ലോക്‌സഭാ എംപിയുമായ ശശി തരൂരിനെതിരെയും ബിജെപി രംഗത്തെത്തി അത് ഹമാസ് അനുകൂല പരിപാടിയായിരുന്നു എന്നും പാർട്ടി ആരോപിച്ചു.
പലസ്തീനിലെ യുദ്ധത്തിനിരയായ ആളുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പലസ്തീന്‍ വിഷയം ഉപയോഗിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഉടനീളം ഹമാസ് അനുകൂല, ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതായി പത്രസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.