നാനോ ഫാക്ടറി അടച്ചുപൂട്ടൽ: പശ്ചിമബംഗാൾ സർക്കാർ ടാറ്റക്ക് 765.78 കോടി നഷ്ടപരിഹാരം നൽകണം
കൊൽക്കത്ത: സിംഗൂരിലെ നാനോ കാർ നിർമാണ ഫാക്ടറി പൊതുജനപ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നതിന് ടാറ്റ കമ്പനിക്ക് പശ്ചിമബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രൽ ട്രൈബ്യൂണലിന്റെ…
കൊൽക്കത്ത: സിംഗൂരിലെ നാനോ കാർ നിർമാണ ഫാക്ടറി പൊതുജനപ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നതിന് ടാറ്റ കമ്പനിക്ക് പശ്ചിമബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രൽ ട്രൈബ്യൂണലിന്റെ…
കൊൽക്കത്ത: സിംഗൂരിലെ നാനോ കാർ നിർമാണ ഫാക്ടറി പൊതുജനപ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നതിന് ടാറ്റ കമ്പനിക്ക് പശ്ചിമബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി. 2016 സെപ്റ്റംബർ മുതൽ 11 ശതമാനം പിഴപ്പലിശയും നിയമനടപടികൾക്കുള്ള ചെലവായി ഒരുകോടി രൂപയും നൽകണമെന്നും മൂന്നംഗ ട്രൈബ്യൂണൽ വിധിച്ചതായി നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ കത്തിൽ ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.
ബംഗാളിൽ ഇടതുഭരണം നടക്കുമ്പോഴാണ് സിംഗൂരിൽ 997 ഏക്കർ ഭൂമി വിട്ടുനൽകി ടാറ്റയുടെ നാനോ കാർ ഫാക്ടറിക്ക് അനുമതി നൽകിയത്. എന്നാൽ, കൃഷിഭൂമി കൈയേറിയാണ് ഫാക്ടറിക്കായി നൽകിയതെന്നാരോപിച്ച് അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങി. തുടർന്ന് 2008ൽ ടാറ്റക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഫാക്ടറി പിന്നീട് ഗുജറാത്തിലേക്ക് മാറ്റിസ്ഥാപിച്ചു.
തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ ഫാക്ടറിക്കായി മറ്റൊരു സ്ഥലം നൽകാമെന്ന് മമത വാഗ്ദാനം നൽകിയെങ്കിലും കമ്പനി നിരസിച്ചു. ഭൂമി ഏറ്റെടുക്കലിന് ഇടതുസർക്കാറിന് നൽകിയ 154 കോടി രൂപ തിരികെ ആവശ്യപ്പെട്ടു. ഏറ്റെടുത്ത ഭൂമി തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട നിയമയുദ്ധം സുപ്രീംകോടതി വരെയെത്തി.
സർക്കാർ നിയമവിരുദ്ധമായാണ് ഭൂമി ഏറ്റെടുത്തതെന്ന് വർഷങ്ങൾ നീണ്ട നിയമനടപടിക്കൊടുവിൽ 2016ൽ സുപ്രീംകോടതി വിധിച്ചു. തുടർന്നാണ് സർക്കാറുമായുണ്ടാക്കിയ പാട്ടക്കരാറിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ടാറ്റാ മോട്ടോഴ്സ് ആർബിട്രൽ ട്രൈബ്യൂണലിനെ സമീപിച്ചത്.