ഹണിട്രാപ്പിൽ മലപ്പുറത്തെ യൂട്യൂബറെ കുടുക്കി പണം കൈക്കലാക്കി; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി: നാല് പേർ അറസ്റ്റിൽ

ഹണിട്രാപ്പിൽ മലപ്പുറത്തെ യൂട്യൂബറെ കുടുക്കി പണം കൈക്കലാക്കി; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി: നാല് പേർ അറസ്റ്റിൽ

November 3, 2023 0 By Editor

എറണാകുളം: ഹണിട്രാപ്പിൽ യൂട്യൂബറെ കുടുക്കിയ കേസിൽ നാലുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരാണ് പോലീസ് പിടിയിലയത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറിന്റെ പരാതിയിലാണ് അറസ്റ്റ്.

യൂട്യബിൽ നിന്നും ലഭിച്ച നമ്പറിലൂടെ ബന്ധപ്പെട്ട് അക്ഷയ എന്ന പെൺകുട്ടി ഇയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. തുടർന്ന് സുഖമില്ലാതെ കിടക്കുന്ന അനിയന് കൗൺസലിംഗ് നൽകണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. അവിടെ വെച്ച് അക്ഷയ നൽകിയ ജ്യൂസ് കുടിച്ച് മയങ്ങി പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ ആതിരയെന്ന് പറയുന്ന പെൺകുട്ടിയെയാണ് കണ്ടെതെന്നും യൂട്യൂബർ പരാതിയിൽ പറയുന്നു.

ശേഷം അൽ അമീൻ, അഭിലാഷ് എന്നിവർ വന്ന് യുവതികളെ ഇയാളുമായി ചേർത്തു നിർത്തി ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. ഫോട്ടോയും വിഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടുവെന്നും യൂട്യൂബർ പറയുന്നു.

പിന്നീട് തന്റെ പക്കൽ പൈസയില്ലെന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ ഇവർ എടുക്കുകയും ഇയാളുടെ കാർ അക്ഷയുടെ പേരിൽ എഴുതി വാങ്ങിയെന്നും ഇയാളുടെ പരാതിയിൽ പറയുന്നുണ്ട്. ശേഷം കുത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ യൂട്യൂബർ നൽകിയ പരാതിയിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാല് പേരും പിടിയിലായി.