പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ

November 4, 2023 0 By Editor

ഗസ്സ: പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം.

​ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആന്റണി ബ്ലിങ്കെൻ ഇസ്രായേൽ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലപാടറിയിച്ചു. യുദ്ധം താൽക്കാലികമായി നിർത്തിയാൽ ​ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കുമെന്നും പലസ്തീൻ സിവിലിയൻമാരെ സംരക്ഷിക്കുമെന്നും ഹമാസിന്റെ തടവുകാരെ മോചിപ്പിക്കാൻ നയതന്ത്രം രൂപീകരിക്കുമെന്നും ഇസ്രയേലിലെത്തിയ ബ്ലിങ്കെൻ പറഞ്ഞു.

അതേസമയം താൽക്കാലികമായി വെടി നിർത്തൽ അപര്യാപ്തമാണെന്നും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്കയുടെ പങ്ക് ഇല്ലാതാകുന്നില്ലെന്നുമാണ് വിഷയത്തിൽ പലസ്തീനിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രതികരണം. താത്ക്കാലിക വെടിനിർത്തൽ സുസ്ഥിരമല്ലെന്നും അസംബന്ധമായ സമീപനമാണെന്നും അറബ് വേൾഡ് നൗ ഡെമോക്രസിയിൽ അഡ്വക്കസി ഡയറക്ടർ ആദം ഷാപ്പിറോ പറഞ്ഞു.

അമേരിക്കയ്ക്ക് നിയമപരമായി ഉപദേശം നൽകുന്നത് ആരാണെന്ന് തനിക്കറിയില്ല, പക്ഷേ ഇത് ശാശ്വതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ​ഗസ്സയിലെ വെടിനിർത്തൽ നിർദേശം തള്ളിക്കളയുകയായിരുന്നു അമേരിക്ക. വെടിനിർത്തൽ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നായിരുന്നു യുഎസ് നിലപാട്.