
ബന്ദികളുടെ മോചനം വൈകുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ജനരോഷം; ഗാസ വിഭജിച്ചെന്ന് ഇസ്രയേൽ സേന
November 6, 2023ജറുസലേം: ഹമാസ് ഇസ്രയേലിൽ കയറി ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സർക്കാർ നടപടി എടുത്തില്ലെന്നു ആരോപിച്ച് ഇസ്രയേലിൽ ജനരോഷം പുകയുന്നു. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
ശനിയാഴ്ച നെതന്യാഹുവിന്റെ വസതിക്ക് പുറത്തു തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞ് പിരിച്ചുവിട്ടു. ഇസ്രയേലിന്റെ വാണിജ്യ കേന്ദ്രമായ ടെൽ അവീവിലാണ് ബന്ദികളാക്കപ്പെട്ട ചിലരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ പ്രതിഷേധിച്ചത്.
ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൽ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇതുവരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുത്തിട്ടില്ല.
അതേസമയം, ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,400 ൽ അധികം പേർ കൊല്ലപ്പെടുത്തുകയും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ തിരിച്ചടിയിൽ ഗാസയിൽ ഇതുവരെ 9,400-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു.
ഇതിനിടെ, ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഗാസ സിറ്റിയെ ഇസ്രയേൽ സൈന്യം വളഞ്ഞെന്നും വടക്കൻ ഗാസ, തെക്കൻ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നുമാണ് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചത്. ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഹഗാരി മാധ്യമങ്ങളോടു പറഞ്ഞു. ഇസ്രയേലിൽ ഇലക്ട്രിസിറ്റി ഉൾപ്പടെയുള്ള എല്ലാ വിനിമയ സംവിധാനങ്ങളും തകർത്തിരിക്കുകയാണ്.