ഷൊർണൂരിൽ ആഞ്ഞ് വീശി മിന്നൽ ചുഴലിക്കാറ്റ്; 60-ലധികം വീടുകൾ തകർന്നു
പാലക്കാട്: ഷൊർണൂരിൽ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങൾ. ഇടിമിന്നലിനൊപ്പം അതിശക്തമായി കാറ്റ് വീശുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ 60-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി വൈദ്യുത പോസ്റ്റുകൾ മറിഞ്ഞു വീഴുകയും ചെയ്തു. ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാണ് സംഭവം.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.