ചെക്ക് കേസ്; റോബിന്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി

ചെക്ക് കേസ്; റോബിന്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി

November 26, 2023 1 By Editor

കൊച്ചി: റോബിന്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി. 2012-ലെ വണ്ടിച്ചെക്ക് കേസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഗിരീഷിനെ പോലീസ് അറസ്റ്റുചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ പാലാ പോലീസ് അറസ്റ്റുചെയ്തത്.

ഏതുകേസിന്റെ അടിസ്ഥാനത്തിലാണ് തന്നെ പോലീസ് അറസ്റ്റുചെയ്തതെന്ന് അറിയില്ലെന്ന് ഗിരീഷ് ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. ‘2012-ലെ കേസാണിത്. അക്കാലത്ത് ഞാന്‍ കിടപ്പിലായിരുന്നു. അതിനുശേഷം ഈ നാട്ടില്‍ത്തന്നെയാണ് ജീവിച്ചത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ രണ്ട് ദിവസം മാറിനില്‍ക്കേണ്ടിവന്നത് കോയമ്പത്തൂരില്‍ പോയപ്പോള്‍ മാത്രമാണ്. ഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോള്‍ മനസ്സിലായില്ലേ? ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു വാറണ്ടോ സമന്‍സോ വന്നിട്ടില്ല’, ഗിരീഷ് പറഞ്ഞു.

പിന്നാലെ മോട്ടോര്‍ വാഹനവകുപ്പിനെ ഗിരീഷ് വിമര്‍ശിച്ചു.’ ഇത്രയും നാളത്തെ എന്റെ പ്രവൃത്തി എവിടെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? കൃത്യമായ എല്ലാ രേഖകളുമടക്കം ഞാന്‍ ഒരു ബസ് സര്‍വീസിനായി ഇറക്കിയപ്പോള്‍ എനിക്ക് കിട്ടിയ അനുഭവമിതാണ്. യാതൊരു രേഖയുമില്ലാതെ ഒരു വാഹനം കാസര്‍കോട്ടുനിന്ന് വരുന്നുണ്ട്. അതില്‍ നമ്മുടെ നേതാവുമുണ്ട്. 16-ാം തീയ്യതിയാണ് ആ വാഹനം കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ വണ്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ രജിസ്റ്റര്‍ ചെയ്ത് ടാക്‌സ് അടച്ച് പെര്‍മിറ്റെടുത്തു. ഇതെല്ലാം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ കളിയാണ്. ഇതുകാരണം നമ്മുടെ മുഖ്യമന്ത്രിയാണ് നാണംകെടുന്നത്. കളര്‍ കോഡൊന്നും ഈ വാഹനത്തിന് ബാധകമല്ല. ഇതിനെല്ലാം ഉത്തരവാദി ഗതാഗത വകുപ്പാണ്’, ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

താന്‍ മതസ്പര്‍ധ വളര്‍ത്തിയെന്ന് മോട്ടോര്‍വാഹന വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ ആരോപിച്ചതായി ഗിരീഷ് ആരോപിച്ചു. ചുംബനസമരത്തില്‍ പങ്കെടുത്തയാളാണ് അദ്ദേഹമെന്നും ഈ ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് മോട്ടോര്‍വാഹന വകുപ്പില്‍ കയറിപ്പറ്റിയതെന്ന് അന്വേഷിക്കണമെന്നും ഗിരീഷ് പറഞ്ഞു. പമ്പയിലേക്ക് സര്‍വീസ് നടത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗീരീഷ് കൂട്ടിച്ചേര്‍ത്തു.