പോലീസിനെ സ്വന്തം സുരക്ഷയ്ക്കായി വിന്യസിക്കുന്ന അല്‍പനായി മുഖ്യമന്ത്രി മാറി; മുഖ്യമന്ത്രിയുടെ വാലേപ്പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ശബരിമലയിലെ ഏകോപനം ഏറ്റെടുക്കണം: സുധാകരൻ

ശബരിമലയില്‍ അയ്യപ്പഭക്തർക്ക് ആവശ്യമായ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിയന്തരമായി തയാറാകണമെന്നും നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ വാലേപ്പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുന്‍കാലങ്ങളില്‍ മണ്ഡലകാലത്ത് ശബരിമലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താന്‍ ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുമതലയുണ്ടായിരുന്നു. നവകേരള സദസ് പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ മന്ത്രിതലത്തിലുള്ള ഏകോപനം നടക്കുന്നില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിആര്‍ എക്‌സര്‍സൈസിന്റെ ഭാഗമായുള്ള നവകേരള സദസ്സില്‍ മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

‘‘മണിക്കൂറുകളായി നീളുന്ന ക്യൂവില്‍നിന്ന് കുട്ടികളും വൃദ്ധരുമായ ഭക്തര്‍ ഉള്‍പ്പെടെ വലയുകയാണ്. കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ആഹാരമോ കിട്ടാത്ത സാഹചര്യമാണുള്ളത്. ഹൃദയസംബന്ധമായ അസുഖം ഉള്‍പ്പെടെ വിവിധ രോഗങ്ങൾ ഉള്ളവരും ശബരിമല ദര്‍ശനത്തിനായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 10 വയസ്സുകാരി കുഴഞ്ഞുവീണ് മരിക്കാനിടയായി. പതിനെട്ട് മണിക്കൂറോളം നീളുന്ന ക്യൂവിലെ തിക്കിലും തിരക്കിലുംപെട്ട് പല അയപ്പഭക്തരും കുഴഞ്ഞുവീഴുന്ന കാഴ്ച പതിവായിട്ടുണ്ട്. മണിക്കൂറുകളായി ക്യൂവില്‍ നില്‍ക്കുന്നിടങ്ങളിലെല്ലാം മേല്‍ക്കൂര സൗകര്യം ഇല്ലാത്തതിനാല്‍ മഴയും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ക്യൂവില്‍ നിന്ന് തളര്‍ന്ന ഭക്തര്‍ ക്യൂവില്‍ നിന്നിറങ്ങി ചെങ്കുത്തും വഴുക്കുള്ളതുമായ പ്രദേശം വഴി സന്നിധാനം ലക്ഷ്യമായി നടക്കുന്നത് കൂടുതല്‍ അപകടത്തിനു വഴിവയ്ക്കും.

‘മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന്റെ സുരക്ഷാ ക്രമീകരണങ്ങളിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ശബരിമലയില്‍ ആവശ്യത്തിനു പൊലീസുകാരുടെ കുറവുണ്ട്. ഇതു തിരക്ക് നിയന്ത്രിക്കുന്നതിൽ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പതിനായിരകണക്കിനു ഭക്തരാണ് ശബരിമല ദര്‍ശനത്തിന് പ്രതിദിനം എത്തുന്നത്. ഭക്തര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ട സ്ഥലമായിട്ടും പൊലീസുകാരെ സ്വന്തം സുരക്ഷയ്ക്കായി വിന്യസിക്കുന്ന അല്‍പനായി മുഖ്യമന്ത്രി മാറി. മുന്‍പ് ശബരിമല വിഷയത്തില്‍ കൈപൊള്ളിയതിന്റെ പ്രതികാരമാണോ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അലംഭാവമെന്ന് സംശയമുണ്ട്. ഇനിയൊരു അപകടം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ കണ്ണുതുറന്ന് നടപടി സ്വീകരിക്കുവെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story