ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍; യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

December 13, 2023 0 By Editor

India Votes In Favour Of UN Resolution Demanding Gaza Ceasefire

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. ഇന്ത്യയടക്കം 153 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.

അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ചു. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനിന്നു. ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിര്‍ത്തലിനെ എതിര്‍ത്തത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എന്‍ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേല്‍ നിലപാട് യു.എസ് തള്ളി. ഇസ്രായേല്‍ കമ്യൂണിക്കേഷന്‍ മന്ത്രിയാണ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അനുവദിക്കില്ലെന്നും ഓസ്ലോ കരാര്‍ അപ്രസക്തമെന്നും വ്യക്തമാക്കി. എന്നാല്‍ ഇത് തള്ളിയ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പലസ്തീന്‍ അതോറിറ്റിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടി.

ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറണമെന്നും വാഷിംഗ്ടണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളുടെ യോഗത്തില്‍ ബൈഡന്‍ പറഞ്ഞു