ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികള്‍; പശ്ചാത്തലം തിരഞ്ഞ് അന്വേഷണ ഏജന്‍സികള്‍

ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികള്‍; പശ്ചാത്തലം തിരഞ്ഞ് അന്വേഷണ ഏജന്‍സികള്‍

December 13, 2023 0 By Editor

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു. പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരുകയാണ്.

പോലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഇവരില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ തുടര്‍പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിയിലായ നാലുപേര്‍ക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികള്‍ പാര്‍ലമെന്റില്‍ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി മറ്റ് അന്വേഷണ ഏജന്‍സികളേയും ബന്ധപ്പെടുന്നുണ്ട്.

പിടിയിലായവരില്‍ സാഗര്‍ ശര്‍മ, മനോരജ്ഞന്‍ എന്നിവര്‍ മൈസൂര്‍ സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് സാഗര്‍. 35-കാരനായ മനോരജ്ഞന്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്. ഇവര്‍ രണ്ടുപേരുമാണ് പാര്‍ലമെന്റിനുള്ളില്‍ അതിക്രമം കാണിച്ചത്. ഇവര്‍ക്ക് പുറമേ മറ്റ് രണ്ടു പ്രതികളായ നീലം, അമോല്‍ എന്നിവരെ പാര്‍ലമെന്റിന് പുറത്ത് അതിക്രമം കാണിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. ഹരിയാണ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന നീലം ഹരിയാണയിലെ ഹിസറിലാണ് താമസിച്ചിരുന്നത്.

അതേസമയം നീലം, അമോല്‍ എന്നിവര്‍ ആക്രമണ സമയത്ത് മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ബാഗോ തിരിച്ചറിയല്‍ കാര്‍ഡോ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഒരു സംഘടനകളുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഇരുവരുടേയും അവകാശവാദമെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ അക്രമണമുണ്ടായത്. സന്ദര്‍ശക ഗാലറിയിലിരുന്ന രണ്ടുപേര്‍ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി കൈയിലുണ്ടായിരുന്ന സ്‌പ്രേ ചുറ്റുമടിച്ച് അതിക്രമം കാണിക്കുകയായിരുന്നു. എം.പിമാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. പ്രതികളില്‍ സാഗര്‍ ശര്‍മ്മയുടെ കൈവശമുണ്ടായിരുന്നത് ബിജെപി മൈസൂര്‍ എംപിയായ പ്രതാപ് സിംഹ നല്‍കിയ സന്ദര്‍ശക പാസായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.