പാർലമെന്റ് അതിക്രമക്കേസ്: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്‌റ്റിൽ; സ്റ്റേഷനിലെത്തി കീഴടങ്ങി

പാർലമെന്റിനുള്ളിൽ കടന്നുകയറി അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝാ എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലളിതിനെ ഡല്‍ഹിയില്‍നിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു.

ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പാര്‍ലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്.

കൊല്‍ക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. ഭഗത് സിങ്ങിന്റെ ആശയങ്ങള്‍ ആകൃഷ്ടനാണ് ലളിത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അക്രമത്തിനു മുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആറു പേരും പാര്‍ലമെന്റിനുള്ളില്‍ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ടു പേര്‍ക്കു മാത്രമാണ് പസ് ലഭിച്ചത്.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനമായ ബുധനാഴ്ചയാണ് ലോക്‌സഭയില്‍ 2 യുവാക്കള്‍ കടന്നാക്രമണം നടത്തിയത്. അതീവ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കയറിയ ഇവര്‍ സഭ സമ്മേളിക്കവേ സന്ദര്‍ശക ഗാലറിയില്‍നിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി (സ്‌മോക്ക് കാനിസ്റ്റര്‍) വലിച്ചു തുറന്ന് എറിയാന്‍ ശ്രമിക്കുകയും ചെയ്തു. സഭയില്‍ പുക പരന്നു. ആദ്യത്തെ പരിഭ്രാന്തിക്കു ശേഷം എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ കീഴടക്കി.

ബിജെപിയുടെ, മൈസൂരുവിൽ നിന്നുള്ള ലോക്സഭാംഗം പ്രതാപ് സിംഹയുടെ ശുപാർശയിൽ സന്ദർശക ഗാലറിയിൽ കയറിയ മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ (35), ലക്നൗ സ്വദേശി സാഗർ ശർമ (27) എന്നിവരാണ് ശൂന്യവേള അവസാനിക്കാനിരിക്കെ സഭയിലേക്കു ചാടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന സംഭവത്തിനു തൊട്ടു മുൻപ് പാർലമെന്റ് ഗേറ്റിനു പുറത്ത് പുകക്കുറ്റികൾ കത്തിച്ചു മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25) എന്നിവരെയും പൊലീസ് പിടികൂടി.

ഗുരുഗ്രാമിൽനിന്നു ഹിസാർ സ്വദേശി വിശാൽ ശർമ (വിക്കി) എന്നയാളെയും ഇയാളുടെ ഭാര്യയെയും അറസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. അറസ്റ്റിലായ മറ്റു നാലു പേരെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story