കടുവ ഭീതി ഒഴിയുന്നില്ല; കാണാതായ പശുവിന്റെ ജഡം കണ്ടെത്തി, ഒന്നിലധികം കടുവകൾ ഉണ്ടെന്ന് നാട്ടുകാർ
മേപ്പാടി: ചുളിക്ക മേഖലയിലെ കടുവ ഭീതി ഒഴിയുന്നില്ല. കഴിഞ്ഞദിവസം ചുളിക്ക 7–ാം നമ്പറിൽ പി.വി. ശിഹാബിന്റെ പശുവിനെ വന്യജീവി കൊന്നു. ബുധനാഴ്ച മേയാൻ വിട്ട പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു പശുവിന്റെ ജഡം കണ്ടെത്തിയത്. ആക്രമിച്ചതു കടുവയാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണമുണ്ടായ സ്ഥലത്തു കടുവയുടേതിനു സമാനമായ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പശുവിന്റെ ജഡം കണ്ടെത്തിയ സ്ഥലത്തു ക്യാമറ സ്ഥാപിച്ചു. കടുവ ശല്യം രൂക്ഷമായ മേഖലയാണിത്. മേഖലയിലെ തേയിലത്തോട്ടത്തിൽ താവളമാക്കിയ കടുവ കഴിഞ്ഞ 4 മാസങ്ങൾക്കിടെ 11 പശുക്കളെയാണു ആക്രമിച്ചു കൊലപ്പെടുത്തിയത്.
പ്രദേശവാസിയായ പെരിയങ്ങാടൻ നാസറിന്റെ മാത്രം 7 പശുക്കളെയാണു കടുവ കൊന്നത്. കഴിഞ്ഞ നവംബർ ഒന്നിന് ചുളിക്ക ഫാക്ടറിക്കു സമീപമെത്തിയ കടുവ പ്രദേശവാസിയായ കൊളമ്പൻ ഷഹീറിന്റെ പശുവിനെ കൊന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ, പ്രദേശവാസിയായ മുല്ലപ്പള്ളി യാഹുവിന്റെ വീട്ടുമുറ്റത്തെത്തിയ കടുവ തൊഴുത്തിൽ നിന്നു പശുവിനെ കൊണ്ടുപോയിരുന്നു. കടുവയെ കൂടു വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ നവംബർ ഒന്നിന് രാത്രിയിൽ പുത്തുമലയിലെ മുണ്ടക്കൈ ഫോറസ്റ്റ് റേഞ്ച് ഓഫിസ് ഉപരോധിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ചുളിക്ക 2–ാം നമ്പറിൽ അസി. മാനേജരുടെ ബംഗ്ലാവിന് സമീപം കൂടു സ്ഥാപിച്ചു. എന്നാൽ, വാകേരിയിലെ നരഭോജിയായ കടുവയെ പിടികൂടുന്നതിനായി 3 ദിവസങ്ങൾക്കു മുൻപ് ഇൗ കൂട് വനംവകുപ്പ് അധികൃതർ സ്ഥലത്തു നിന്നു കൊണ്ടുപോയെന്ന് നാട്ടുകാർ പറയുന്നു. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മേഖലയാണിത്. ഒരു ഭാഗം ചെമ്പ്ര വനമേഖലയും ഒരുഭാഗം കള്ളാടി വനമേഖലയുമാണ്. ഒന്നിലധികം കടുവകൾ മേഖലയിലുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനോടകം ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെ കാണാതായിട്ടുണ്ട്.
തോട്ടം തൊഴിലാളികളാണു ഇവിടത്തെ ഭൂരിഭാഗം പേരും. ജീവൻ പണയം വച്ചാണു തോട്ടംതൊഴിലാളികൾ ജോലിയെടുക്കുന്നത്. കടുവയുടെ സാന്നിധ്യം പതിവായതോടെ മേഖലയിലെ ജനജീവിതം ദുരിതമായി. പകൽസമയങ്ങളിൽ പോലും ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. വിദ്യാർഥികളുടെ പഠനവും താളംതെറ്റി. കടുവയ്ക്കു പുറമേ, കാട്ടാനകളുടെയും പുലികളുടെയും ശല്യവും മേഖലയിൽ രൂക്ഷമാണ്. കഴിഞ്ഞ ജൂലൈ 13ന് രാത്രിയിൽ ചുളിക്കയ്ക്ക് സമീപം റോഡരികിൽ പുലിയെ കണ്ടിരുന്നു. കഴിഞ്ഞ ജൂണിൽ നെല്ലിമുണ്ട പാറക്കംവയൽ മേഖലയിലെ തേയിലത്തോട്ടത്തിലും പുലിയെ കണ്ടിരുന്നു. മാസങ്ങൾക്കു മുൻപു താഞ്ഞിലോട് ഗവ. പോളിടെക്നിക് കോളജിനു സമീപം 2 പശുക്കൾ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്തു. വന്യമൃഗ ആക്രമണമുണ്ടാകുമ്പോൾ വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് മടങ്ങുന്നവെന്നല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.