വണ്ടിപ്പെരിയാർ കേസ്; ‘പോലീസ് പ്രതിക്കൊപ്പം നിന്നു,തെറ്റിദ്ധരിപ്പിച്ചു’; ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ

വണ്ടിപ്പെരിയാർ കേസ്; ‘പോലീസ് പ്രതിക്കൊപ്പം നിന്നു,തെറ്റിദ്ധരിപ്പിച്ചു’; ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ

December 15, 2023 0 By Editor

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛന്‍. പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തി.

കേസിന്റെ തുടക്കത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത് എന്നായിരുന്നു ആദ്യ പ്രചാരണം. കുട്ടിയെ ആദ്യം പരിശോധിച്ച വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കണ്ടെത്തല്‍ ആണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ പൊളിച്ചത്. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും കാണപ്പെട്ട പാടുകള്‍, മുറിവുകള്‍ എന്നിവ ഡോക്ടര്‍ പല തവണ പരിശോധിച്ചു. പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന നിബന്ധന വെയ്ക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അന്വേഷണം വേഗത്തിലായത്.

അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ആദ്യം ജില്ലാ പൊലീസ് മേധാവി തിരിച്ചയച്ചിരുന്നു. കുറ്റപത്രത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എസ്പി ആര്‍ കറുപ്പസ്വാമി കുറ്റപത്രം തിരികെ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്കു കൈമാറിയത്. പിന്നീടു കുറ്റപത്രം പുതുക്കിയാണു 2021 സെപ്റ്റംബര്‍ 21നു സമര്‍പ്പിച്ചത്.

പ്രതി അര്‍ജുനെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടപ്പന അതിവേഗ പ്രത്യേക കോടതി പ്രതിയെ വെറുതെ വിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ പൊലീസ് പിടിയിലാകുന്നത്.  പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇയാൾ കുട്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുകയും വികാരാധീനനാകുകയും ചെയ്തു. എന്നാൽ, കൊല്ലപ്പെട്ട ദിവസം കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു അർജുന്‍റെ മൊഴി. ഇതിന് വിപരീതമായി, അന്നേ ദിവസം കുട്ടിയുമായി അർജുൻ നിൽക്കുന്നത് കണ്ടുവെന്ന പ്രദേശവാസിയുടെ മൊഴി വഴിത്തിരിവായി.

വീണ്ടും അന്വേഷിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മുടിവെട്ടാൻ പോയ അർജുൻ, കുട്ടി കൊല്ലപ്പെടുന്ന സമയത്തോട് അടുപ്പിച്ച് അവിടെനിന്ന് കുറച്ചുനേരം മാറിയതായും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി. സുനിൽകുമാർ പറഞ്ഞിരുന്നു. ഇതോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ, കൃത്യം നടത്തിയശേഷം കുട്ടി താമസിച്ചിരുന്ന ലയത്തിലെ ചെറിയ ജനാലയിലൂടെ പുറത്തിറങ്ങിയ രീതി അർജുൻ പോലീസിന് കാണിച്ചുകൊടുത്തു. ഇതിന് നൂറുകണക്കിനുപേർ സാക്ഷിയായിരുന്നു.

കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. കഴുത്തിൽ തുണി മുറുകുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും മൽപ്പിടുത്തം നടന്നെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അർജുൻ പ്രതിയാണെന്നതരത്തിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിച്ചിട്ടും എവിടെയാണ് പിഴച്ചതെന്നാണ് ഒരുനാട് മുഴുവൻ ചോദിക്കുന്നത്.